അടൂർ : ഏറത്ത് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അംഗം ആർ.രമണന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു. ബുധനാഴ്ച രാത്രി 12 നാണ് സംഭവം. വയല - നടക്കാവ് റോഡിൽ വടക്കേ കൊട്ടാരത്തിന് സമീപമാണ് രമണന്റെ വീട്. രാത്രി 12 മണിയോടുകൂടി കണ്ടാലറിയാവുന്ന മൂന്നുപേർ ഉൾപ്പെടുന്ന 15 അംഗ സംഘമാണ് വീട് ആക്രമിച്ചതെന്ന് രമണൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. നാട്ടിൽ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം നടക്കുന്നതായി രക്ഷാകർത്താക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ വൈരാഗ്യതിലാണ് വീട് ആക്രമണമെന്ന് രമണൻ പറഞ്ഞു. വീടിന്റെ മുൻവശത്തെ ജനലുകളുടെ ചില്ലുകളും വരാന്തയിൽ കിടന്ന വീട്ടുപകരണങ്ങളും തകർത്തു. സംഭവം നടക്കുമ്പോൾ രമണൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭാര്യയും കുട്ടികളും ഓണത്തോടനുബന്ധിച്ച് അവരുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഏനാത്ത് പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്ത് നടന്ന ഓണപ്പരിപാടിക്കിടെ പഞ്ചായത്തംഗവും മറ്റ് ചിലരുമായി വാക്കുതർക്കമുണ്ടായതായി ആരോപണമുണ്ട് . സമീപവാസിയായ പതിനേഴുകാരനെ കഴിഞ്ഞ ദിവസം പഞ്ചായത്തംഗവും മറ്റ് ചിലരും ചേർന്ന് മർദ്ദിച്ചതായി കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. ഈ കുട്ടി അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.