
തിരുവല്ല : മലയാളിയുടെ അമ്മ മനസായിരുന്ന കവിയൂർ പൊന്നമ്മയുടെ വിയോഗം ജന്മനാടിനെ ദു:ഖത്തിലാക്കി. വളരെ ചെറുപ്പത്തിലേ കലയോട് ആഭിമുഖ്യം പുലർത്തി സംഗീതത്തിലും നാടകത്തിലും സിനിമയിലുമെല്ലാം നിറഞ്ഞുനിന്ന് കവിയൂരിന് പെരുമയുണ്ടാക്കിയ പ്രിയകലാകാരിയാണ് വിടവാങ്ങിയത്. രണ്ടുവർഷം മുമ്പ് കുടുംബക്ഷേത്രമായ ത്രിപുരസുന്ദരി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് പൊന്നമ്മ ഒടുവിൽ കവിയൂരിൽ എത്തിയത്. ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം കണ്ട് സ്നേഹവാത്സല്യങ്ങൾ പങ്കിട്ടായിരുന്നു മടക്കം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പിന്നീട് വരാനായില്ല. കവിയൂർ മഹാദേവ ക്ഷേത്രത്തിന് സമീപത്തെ തെക്കേതിൽ കുടുംബത്തിൽ ടി.പി.ദാമോദരന്റേയും ഗൗരിയുടെയും ഏഴ് മക്കളിൽ മൂത്തയാളാണ് കവിയൂർ പൊന്നമ്മ, ചലച്ചിത്രതാരം പരേതയായ കവിയൂർ രേണുക, സരസമ്മ, ജഗദമ്മ, ഗണേഷ്, സുരേഷ്, മനോജ് എന്നിവരാണ് സഹോദരങ്ങൾ. കമ്മാളത്തംകിടി ഗവ.സ്‌കൂൾ, ചങ്ങനാശ്ശേരി കുറുമ്പനാട് സ്‌കൂൾ എന്നിവിടങ്ങളിലാണ് പഠിച്ചത്. കുട്ടിക്കാലം പൊൻകുന്നത്തായിരുന്നു. പിന്നീട് എൽ.പി.ആർ.വർമ്മയുടേ കീഴിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരിയിൽ എത്തി. വെച്ചൂർ എസ്.ഹരിഹര സുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്. 12-ാം വയസിൽ കവിയൂർ ക്ഷേത്രത്തിൽ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചു. പതിനാലാമത്തെ വയസിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തേക്ക് കടന്നുവന്നത്. കെ.പി.എ.സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. തോപ്പിൽ ഭാസിയെ ആണ് പൊന്നമ്മ അഭിനയകലയുടെ ഗുരുവായിക്കാണുന്നത്. ഒ.മാധവന്റെ കാളിദാസ കലാകേന്ദ്രത്തിലും അഭിനേത്രിയായിരുന്നു. 1962ൽ ശ്രീരാമപട്ടാഭിഷേകത്തിൽ മണ്ഡോദരിയായി വേഷമിട്ടായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് നിരവധി സിനിമകളിൽ അമ്മ കഥാപാത്രങ്ങൾ അവിസ്മരണീയമാക്കി. സിനിമയിൽ തിരക്കേറിയതോടെ ചെന്നൈയിലേക്ക് താമസം മാറ്റി. കവിയൂരിലെ കുടുംബവീട് ഉണ്ടായിരുന്ന സ്ഥലത്താണ് ത്രിപുരസുന്ദരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സഹോദരങ്ങളും മറ്റിടങ്ങളിലേക്ക് താമസം മാറി. പിതൃസഹോദരന്റെ ബന്ധുക്കളാണ് ഇപ്പോൾ കവിയൂരിലുള്ളത്.
രേണുകയ്‌ക്ക് പിന്നാലെ പൊന്നമ്മയും
സിനിമയിൽ തിളങ്ങിയിരുന്ന ഇളയ സഹോദരി കവിയൂർ രേണുകയ്‌ക്ക് പിന്നാലെ കവിയൂർ പൊന്നമ്മയും ഓർമ്മയാകുകയാണ്. സീരിയലിൽ നിരവധി വേഷങ്ങൾ ചെയ്തിരുന്ന കവിയൂർ രേണുക സിനിമയിൽ മികച്ച അഭിനയം കാഴ്ചവച്ചു. സുരേഷ് ഗോപി അഭിനയിച്ച വാഴുന്നോർ, ലേലം എന്നീ ചിത്രങ്ങളിലൊക്കെ രേണുകയുടെ പ്രകടനം ശ്രദ്ധയാകർഷിച്ചു. ദീപസ്തംഭം മഹാശ്ചര്യം, മേഘം, സുവർണ്ണ സിംഹാസനം, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ച കവിയൂർ രേണുകയുടെ ആകസ്മിക വിയോഗം 2004 ഓഗസ്റ്റ് രണ്ടിനായിരുന്നു. 20 വർഷങ്ങൾക്കുശേഷം കവിയൂർ പൊന്നമ്മയും വിടപറയുമ്പോൾ കവിയൂരിന് കീർത്തിയേകിയ രണ്ട് കലാകാരികളെയാണ് നഷ്ടമാകുന്നത്.