
പത്തനംതിട്ട: വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ മനുഷ്യജീവനും കൃഷിക്കും നാശംവരുത്തുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ 25 ന് കോന്നി, റാന്നി ഡി.എഫ്.ഒ ഒാഫീസുകൾ ഉപരോധിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോന്നി ഡി.എഫ്.ഒ ഒാഫീസ് ഉപരോധം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും റാന്നി ഡി.എഫ്. ഒ ഒാഫീസ് ഉപരോധം മുൻ എം. എൽ.എ എ.പത്മകുമാറും ഉദ്ഘാടനം ചെയ്യും. വനംവന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും വനവും ജനവാസമേഖലയും വേർതിരിക്കുന്ന മതിലുകളും വേലികളും ട്രഞ്ചുകളും പണിയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വനമേഖലയിൽ താമസിക്കുന്ന മനുഷ്യരെ ആട്ടിയോടിക്കുന്ന കേന്ദ്രവനം വന്യജീവി നിയമം പൊളിച്ചെഴുതണം.
ഇതിനെതിരെ നടപടി സ്വീകരിക്കാൻ തടസമായി നിൽക്കുന്നത് കേന്ദ്രസർക്കാരിന്റെ വന്യജീവി സംരക്ഷണ നിയമമാണന്നും ഭാരവാഹികൾ പറഞ്ഞു. പന്നികളെ വെടിവച്ചു കൊല്ലാൻ കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അത് നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭവും ആരംഭിക്കും . ഇതിന്റെ ഭാഗമായി 25 ന് പാർലമെന്റിന് മുന്നിൽ കർഷകധർണ നടത്തും. വാർത്താസമ്മേളനത്തിൽ കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഓമല്ലൂർ ശങ്കരൻ , ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത്, സെക്രട്ടറി ആർ. തുളസീധരൻപിള്ള എന്നിവർ പങ്കെടുത്തു