
പത്തനംതിട്ട : കുടുംബശ്രീയിലൂടെ സ്ത്രീകൾക്ക് എെശ്വര്യമുണ്ടായ ഓണമായിരുന്നു ഇത്തവണത്തേത്. വിവിധ സംരംഭങ്ങളിലൂടെ 68.10 ലക്ഷം രൂപ കുടുംബശ്രീ അംഗങ്ങൾ നേടി. പത്തനംതിട്ടയിൽ നടന്ന ഓണം സംസ്ഥാന വിപണന മേളയിൽ നിന്ന് മാത്രം 18.54 ലക്ഷം രൂപ കുടുംബശ്രീ നേടി. സംസ്ഥാന വിപണനമേളയോടൊപ്പം ജില്ലയിലെ 58 സി.ഡി.എസുകളിലായി ഓണച്ചന്തകളും ആരംഭിച്ചിരുന്നു. ഒരു പഞ്ചായത്തിൽ രണ്ട് ഓണച്ചന്തകളും നഗരസഭകളിൽ നാല് ഓണച്ചന്തകളുമാണ് ഉണ്ടായിരുന്നത്. പുളിക്കീഴ്, മല്ലപ്പള്ളി, കോയിപ്രം, റാന്നി, കോന്നി, പറക്കോട്, പന്തളം, ഇലന്തൂർ ബ്ലോക്കുകളിലും ഓണച്ചന്തകൾ നടന്നു.
ആകെ ലഭിച്ച തുക
ജെ.എൽ.ജി (ഇടത്തരം മൂല്യ വർദ്ധിത യൂണിറ്റുകൾ) : 19,43,139
സൂഷ്മ സംരംഭങ്ങൾ : 44,21,889 രൂപ
സംസ്ഥാന മേളയിൽ നിന്ന് മാത്രം ലഭിച്ച തുക
ഫുഡ് കോർട്ട് : 4,52,710
ജെ.എൽ.ജി (ഇടത്തരം മൂല്യ വർദ്ധിത യൂണിറ്റുകൾ) : 13,28,334
സൂഷ്മ സംരംഭങ്ങൾ : 73,066
പൂക്കളും പച്ചക്കറിയും ലാഭമായി
ഓണത്തോടനുബന്ധിച്ച് നടത്തിയ ബന്ദിപ്പൂക്കളുടേയും പച്ചക്കറിയുടേയും കൃഷി കുടുംബശ്രീയ്ക്ക് വലിയ ലാഭം നേടിക്കൊടുത്തു. 55.8 ഏക്കറിൽ നട്ട പൂക്കൃഷിയിൽ നിന്ന് മാത്രം ഇതുവരെ എട്ട് ലക്ഷം രൂപ ലഭിച്ചു. പച്ചക്കറിക്ക് 61.5 ഏക്കറിൽ 22.3 ലക്ഷം നേടി. ഓണത്തിനാണ് ഏറ്റവും കൂടുതൽ കൃഷി ലാഭകരമായത്. പയർ, പാവൽ, മത്തൻ, കുരുമുളക്, വെള്ളരി, പടവലം, വഴുതന എന്നീ പച്ചക്കറികളാണ് കുടുംബശ്രീയിലെ സംഘകൃഷി ഗ്രൂപ്പുകൾ കൃഷി ചെയ്തിരുന്നത്. ഏത്തവാഴക്കൃഷിയും വലിയ രീതിയിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം 58 ഓണച്ചന്തകളായിരുന്നു ജില്ലയിൽ ഉണ്ടായിരുന്നത്. ഇത് കൂടാതെ തെക്കേകര , കോയിപ്രം സി.ഡി.എസുകൾ പ്രത്യേകമായും ഓണച്ചന്തകൾ ആരംഭിച്ചിരുന്നു. അതുകൊണ്ട് തന്നെ കുടുംബശ്രീയ്ക്ക് ഇത്തവണ നല്ല ലാഭം നേടാനായി.
എസ്.ആദില
കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ