
പത്തനംതിട്ട : ഒാണക്കാലത്ത് ജില്ലയിലെ ശർക്കര വിൽപ്പനയിൽ വൻ കുതിപ്പ്. വള്ളിക്കോടും പന്തളത്തും പതിയൻ ശർക്കര ഇത്തവണത്തെ ഒാണപ്പായസത്തിന് മധുരമായി. രണ്ടിടത്തും ഉദ്പ്പാദിപ്പിച്ച ശർക്കരയെല്ലാം ദിവസങ്ങൾക്കുള്ളിൽ വിറ്റുപോയി. വള്ളിക്കോട്, വാഴമുട്ടം ഭാഗത്ത് അച്ചൻകോവിലാറിന്റെ തീരത്ത് കർഷകരും പന്തളത്ത് കൃഷി വകുപ്പിന്റെ ഫാമിലുമാണ് കരിമ്പും ശർക്കരയും ഉദ്പ്പാദിപ്പിക്കുന്നത്.
വള്ളിക്കോട് പതിയൻ
രണ്ടുപതിറ്റാണ്ടിനു ശേഷമാണ് വള്ളിക്കോട് ശർക്കര വിപണിക്ക് ഉണർവായത്. വള്ളിക്കോട് പഞ്ചായത്തിന്റെ സഹകരണം കൂടിയായപ്പോൾ കർഷകർക്ക് ആവേശമായി. കരിമ്പ് കൃഷി വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ഒാണക്കാലത്ത് കഴിഞ്ഞ വർഷം ആറായിരം കിലോ വരെയായിരുന്നു ശർക്കര ഉദ്പ്പാദനം. ഇത്തവണ പതിനായിരം കടന്നു. പതിയൻ ശർക്കരയാണ് വള്ളിക്കോട് ഉദ്പ്പാദിപ്പിക്കുന്നത്. കഴിഞ്ഞ ഒാണത്തിന് യുവകർഷകൻ ശരത്ത് ഉൾപ്പെടെ മൂന്ന് പേരായിരുന്നു ശർക്കര ഉദ്പ്പാദിപ്പിച്ചിരുന്നത്. ഇത്തവണ ഒരാൾ കൂടിയെത്തി. ശർക്കര പ്രദേശത്ത് തന്നെ വിറ്റഴിഞ്ഞു. വള്ളിക്കോട് തൃക്കോവിൽ ക്ഷേത്രത്തിന് സമീപം ശരത്തിന്റെ ഉടമസ്ഥതയിലുള്ള ചക്കിലാണ് ശർക്കര ഉദ്പ്പാദിപ്പിക്കുന്നത്. 2021ൽ പഞ്ചായത്തിലെ യുവകർഷകനുള്ള അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച നെൽകർഷകനുമാണ് അദ്ദേഹം.
പഞ്ചായത്തിന്റെ സഹായം
കരിമ്പ് കൃഷിക്ക് വള്ളിക്കോട് പഞ്ചായത്തിൽ നിന്ന് ഒരു ഹെക്ടറിന് പതിനായിരം രൂപ സബ്സിഡി അനുവദിക്കുന്നണ്ട്. നേരത്തെ ചാണകമായിരുന്നു വളമായി ഉപയോഗിച്ചിരുന്നത്. ഇത് കാട്ടുപന്നികൾ കുത്തിമറിക്കുന്നതിനാൽ പൊട്ടാഷും യൂറിയയുമാണ് ഇപ്പോഴിടുന്നത്. ഡിസംബർ മാസമാകുമ്പോഴേക്കും പത്തിലേറെ കർഷകർ കൂടി കരിമ്പ് വിളവെടുത്ത് ശർക്കരയാക്കും. സബ്സിഡി മുടങ്ങാറില്ലെന്ന് കർഷകർ പറയുന്നു.
വള്ളിക്കോട് പതിയൻ ശർക്കര ഉദ്പ്പാദനം വർദ്ധിച്ചതോടെ ഡിമാന്റ് കൂടി.
യുവകർഷകൻ ശരത് സന്തോഷ് .
പന്തളം ശർക്കരയ്ക്കും പ്രിയം
കൃഷിവകുപ്പിന് കീഴിലുള്ള പന്തളത്തെ ഫാമിൽ ഇത്തവണ രണ്ട് ടൺ ശർക്കരയാണ് ഉദ്പ്പാദിപ്പിച്ചത്. ഫാമിലെ സ്റ്റാളിൽ മൂന്ന് ദിവസത്തിനുള്ളിൽ വിറ്റു തീർന്നു. ഒാണക്കാലത്ത് പതിയനും അല്ലാത്തപ്പോൾ ചുക്കുണ്ട, ഉണ്ട ശർക്കരയുമാണ് വിപണിയിലെത്തിക്കുന്നത്. കാട്ടുപന്നി ശല്യം കാരണം ഇത്തവണ കരിമ്പ് ഉദ്പ്പാദനത്തിൽ നേരിയ കുറവുണ്ടായി. ഇൗ കുറവ് ശർക്കര നിർമ്മാണത്തിലമുണ്ടായി. കഴിഞ്ഞ ഒാണക്കാലത്ത് രണ്ടര ടൺ ശർക്കരയുണ്ടാക്കിയിരുന്നു. ഇത്തവണ രണ്ട് ടണ്ണായി. കാട്ടുപന്നി ശല്യം ഒഴിവാക്കാൻ ചുറ്റു മതിൽ നിർമ്മാണം പൂർത്തിയാകുന്നു. ഇനി നൂറ് മീറ്റർ കൂടിയുണ്ട്. 13 ഏക്കറിലാണ് കരിമ്പു കൃഷി.