പത്തനംതിട്ട: ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് സംഘടിപ്പിക്കുന്ന മെഡിഫെസ്റ്റ് 26 മുതൽ ഒക്ടോബർ ഒന്നുവരെ നടക്കും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അതിരുകളില്ലാത്ത ലോകത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കായി, അവരിൽ കൗതുകം ഉണർത്തുക എന്നഎന്ന ലക്ഷ്യവുമായി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് മെഡിഫെസ്റ്റ് എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്.വൈദ്യശാസ്ത്രത്തിന്റെ ഭാവിയിലെ സാങ്കേതികവിദ്യകൾക്കു പ്രാധാന്യം നൽകി ഓരോ സ്റ്റാളും രൂപകല്പന ചെയ്തിരിക്കുകയാണ്. നാല് മണിക്കൂറോളം കാണാനും അറിവുകൾ നേടാനും കഴിയുന്ന തരത്തിലാണ് സ്റ്റാളുകളുടെ ക്രമീകരണം. കാണികൾക്ക് കാര്യങ്ങൾ വിശദമായി മനസിലാക്കാനും സംശയങ്ങൾ ദൂരീകരിക്കാനും കഴിയും. മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളെയും സംബന്ധിച്ച വിശദമായ പഠനത്തിനുള്ള സൗകര്യമുണ്ട്. അവയവങ്ങൾക്കുള്ളിലൂടെ യാത്ര ചെയ്ത് അവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിയും. ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് പ്രദർശന സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത്. റോബോട്ടിക്, ആർട്ടിഫിഷൻ ഇന്റലിജൻസ് സാങ്കേതിക വിദ്യകളിലൂടെയും മെഡിക്കൽ രംഗത്തെ പുതിയ അറിവുകളും പഠനങ്ങളും മനസിലാക്കി നൽകും. ഇതോടൊപ്പം പഠന സമ്മേളനങ്ങൾ,ശില്പശാലകൾ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. വിവിധ ശാരീരിക പരിശോധനകൾ സ്റ്റാളുകളിൽ നിന്നു ലഭ്യമാകും. എല്ലാദിവസവും രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് പൂർണമായും സൗജന്യമായി സ്റ്റാളുകൾ സന്ദർശിക്കാമെന്ന് മെഡിഫെസ്റ്റ് ചീഫ് കോ ഓർഡിനേറ്റർ ഡോ. എമിലിൻ ഏൽ മാത്യു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ്, പ്രിൻസിപ്പൽ ഡോ.എലിസബേത്ത് ജോസഫ്, സ്റ്റുഡന്റ്‌സ് യൂണിയൻ ചെയർമാൻ ബേസിൽ ജോർജ്, വൈസ് ചെയർപേഴ്‌സൺ തോമസ് റോഷൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.