chundan

തിരുവല്ല : നീരേറ്റുപുറം പമ്പാ ജലോത്സവസമിതിയുടെ നേതൃത്വത്തിൽ ഇന്ന് പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ ജലമേള നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചയ്ക്ക് 12ന് ഓണസദ്യ. 2ന് നിശ്ചലദൃശ്യങ്ങൾ അണിനിരന്നുള്ള ജലഘോഷയാത്ര. മത്സരവള്ളങ്ങളെ അണിനിരത്തിയുള്ള മാസ്ട്രിൽ, വാട്ടർ സ്റ്റേഡിയത്തിൽ അഭ്യാസ പ്രകടനങ്ങൾ. നാടൻ കലാകാരന്മാരുടെ കലാവിരുന്നുകൾ എന്നിവ ഉണ്ടായിരിക്കും. മന്ത്രി സജി ചെറിയാൻ ജലമേള ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.പ്രസാദ്, വീണാ ജോർജ്ജ്, റോഷി അഗസ്റ്റിൻ, എം.പിമാർ , എം.എൽ.എമാർ സിനിമാതാരങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
മത്സരം കുറ്റമറ്റതാക്കാൻ ഡിജിറ്റൽ സംവിധാനത്തോടു കൂടിയ സ്റ്റിൽ സ്റ്റാർട്ടിംഗ്. ഡിജിറ്റൽ ട്രാക്ക്, ഫോട്ടോ ഫിനിഷ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ജേതാവായ തലവടി ചുണ്ടൻ ഉൾപ്പെടെ 7 ചുണ്ടൻ വള്ളങ്ങളും വെപ്പ്, ഓടി, ചുരുളൻ എന്നീവിഭാഗത്തിൽപ്പെട്ട 40 ഓളം കളിവള്ളങ്ങളും മൽസരത്തിൽ പങ്കെടുക്കും. ജനകീയ ട്രോഫി ഉൾപ്പെടെ 50ഓളം ട്രോഫികൾ വിവിധ വിഭാഗത്തിൽ മൽസരിച്ചു വിജയിക്കുന്ന വള്ളങ്ങൾക്കു നൽകും. വള്ളംകളി കാണാൻ എത്തുന്നവർക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇരുന്നു വള്ളംകളി കാണുന്നതിന് ആവശ്യമായ പാസുകൾ നീരേറ്റുപുറം ഓഫിസിൽ നിന്ന് ലഭ്യമാണെന്ന് ചെയർമാൻ റെജി എബ്രഹാം, ജനറൽ സെക്രട്ടറി പ്രകാശ് പനവേലി എന്നിവർ അറിയിച്ചു.