പത്തനംതിട്ട : ആംഗ്യഭാഷയുടെ പ്രാധാന്യം കൂടുതൽ ആളുകളിലെത്തിക്കാൻ സമൂഹത്തിന്റെ സഹകരണം ഉണ്ടാകണമെന്ന് പത്തനംതിട്ട ഡെഫ് കൺസോർഷ്യം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെയാണ് ആംഗ്യ ഭാഷാദിനം. ആംഗ്യഭാഷയെ എല്ലാവരിലും എത്തിക്കുക, ആംഗ്യഭാഷയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം, ബധിരരുടെ സാമൂഹ്യവും സാംസ്‌കാരികവുമായ സമഗ്ര പുരോഗതി ആംഗ്യഭാഷാ പഠനം മുഖേന നേടി മൂക, ബധിരരുടെ ജീവിത വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യം നേടാനാണ് ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ആംഗ്യഭാഷക്കായി ആംഗ്യമുയർത്തുക' എന്നതാണ് ഇത്തവണത്തെ മുദ്യാവാക്യം. പൊതുസ്ഥാപനങ്ങളിലും ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ എന്നീ ഇടങ്ങളിൽ ഈ വിഭാഗം നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവർ പ്രാധാന്യം നൽകി ആവശ്യമായ അവബോധ പരിപാടികൾ നടത്തണമെന്നും ജോയിന്റ് സെക്രട്ടറി ബാബു ഈപ്പൻ, കെസിയ സുന്നിച്ചൻ, സിജി ജൂലി എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നാളെയാണ് സംസ്ഥാന പരിപാടി.