മല്ലപ്പള്ളി: അനുമതി നേടാതെയും മുന്നറിയിപ്പ് നൽകാതെയും വാട്ടർ അതോറിറ്റി കരാറുകാരൻ മല്ലപ്പള്ളിയിലെ ബസ് സ്റ്റാൻഡ് പ്രവശന കവാടം അടച്ചിട്ടത് പ്രതിഷേധത്തിന് ഇടയാക്കി. ഇന്നലെ രാവിലെയായിരുന്നു സംഭവം. മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ ഇന്റർലോക്ക് കട്ടകൾ നിരത്തുകയും കല്ലുകൾ കൂട്ടിവച്ച് ഗതാഗതം തടഞ്ഞതുമാണ് പ്രശ്നം സങ്കീണമാക്കിയത്. പുലർച്ചെ മുതൽ എത്തിയ സ്വകാര്യബസുകളും ദീർഘദൂര സർവീസ് ഉൾപ്പെടെയുള്ള കെ.എസ്. ആർ.ടി.സി ബസുകളും സ്റ്റാൻഡിൽ എത്തിയതോടെ സ്ഥിതി രൂക്ഷമായിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, ആനിക്കാട് ഗ്രാമപഞ്ചായത്ത് അംഗം അജി കല്ലുപുര, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബിബിൻ മാത്യൂസ്, ജോർജ്ജുകുട്ടി കയ്യാലാത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊതുജനങ്ങളും, വ്യാപാരികളും ചേർന്ന് തടസം നീക്കി ബസ് സ്റ്റാൻഡ് ഗതാഗതത്തിനായി തുറന്നു നൽകി. മുന്നറിയിപ്പില്ലാതെ ഗതാഗതം പൂർണ്ണമായി തടഞ്ഞതിനെതിരെയും നിലവാരം കുറഞ്ഞതുമായ പൂട്ടുകട്ട സ്ഥാപിച്ച് തരംതാണ നിർമ്മാണം നടത്തിയതിനെതിരെയും അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.