മല്ലപ്പള്ളി: ആനിക്കാട് റോഡിൽ മല്ലപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്തെ അനധികൃത പാർക്കിംഗ് ഗതാഗത തടസത്തിനിടെയാക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും നിറുത്തിയിടുന്നതാണ് കുരുക്കിന് കാരണം. ചില വാഹനങ്ങൾ മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നുണ്ട്. പാർക്കിംഗ് പാടില്ല എന്ന ബോർഡ് റോഡിന്റെ ഒരു വശത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഗൗനിക്കാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് മൂലം വീതി കുറഞ്ഞ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നതും പതിവാണ്. പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്ക് ബസുകൾ എത്താനുള്ള ഏകമാർഗമാണ് ആനിക്കാട് റോഡ്. റോഡിന്റെ വശങ്ങളിലെ പാർക്കിംഗ് കാരണം സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് ബസ് ഡ്രൈവർമാരുടെ ആരോപണം. ഇരുചക്ര വാഹനങ്ങൾ നടപ്പാതയിൽ പാർക്ക് ചെയ്യുന്നതിനാൽ കാൽനടക്കാരും ദുരിതത്തിലാണ്. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്താൻ പൊലീസ് സേവനം ഇല്ലാത്തതുകൊണ്ട് അനധികൃത പാർക്കിംഗ് തുടരുകയാണ്. തിരുവല്ല റോഡിൽ പഴയ സർക്കിൾ ഓഫീസിനു സമീപത്തെ വളവിലും, കോട്ടയം റോഡിൽ വൺവേ സംവിധാനം തുടങ്ങുന്നിടത്തും പാർക്കിംഗും ദുരിതമാകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് കാൽനട യാത്രക്കാരുടെ ആവശ്യം.
...................................
ടൗണിലും പരിസരങ്ങളിലും പാർക്കിംഗ് സംബന്ധിച്ച് നിരവധി പരാതികൾ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഹോം ഗാർഡിന്റെ സേവനം ലഭ്യമായാൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകുകയുള്ളു.
രമേശ്
(സ്വകാര്യ ബസ് ഡ്രൈവർ)