
പത്തനംതിട്ട : വാരിക്കുഴി പോലെയാണ് നഗരത്തിലെ ഡോക്ടേഴ്സ് ലൈനിലെ ഒാട. ഏതുനിമിഷവും അപകടം സംഭവിക്കാം. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളും ഇതുവഴി സഞ്ചരിക്കുന്ന മറ്റ് യാത്രക്കാരുമാണ് അപകടഭീഷണിയിൽ . നഗരത്തിലെ തിരക്കേറിയ ഇടറോഡുകളിലൊന്നാണ് ഡോക്ടേഴ്സ് ലൈൻ. ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ ആരംഭിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്കും ഒ.പിയിലേക്കും രോഗികൾക്ക് എത്താൻ ഡോക്ടേഴ്സ് ലൈൻ റോഡിനെ ആശ്രയിക്കണം. വീതികുറഞ്ഞ റോഡിൽ ഓടയ്ക്ക് കോൺക്രീറ്റ് സ്ലാബുകൾ നിർമ്മിച്ചിട്ട് അതിന് മുകൾ ഭാഗംകൂടി റോഡായി ഉപയോഗിക്കുകയാണ്. ഇത്തരത്തിൽ ഇട്ട കോൺക്രീറ്റ് സ്ലാബുകളുടെ വിടവുകളാണ് അപകടക്കെണിയായി മാറുന്നത്.
കഴിഞ്ഞ 10ന് ഭർത്താവിനൊപ്പം ബൈക്കിൽ ഡോക്ടറെ കാണാനെത്തിയ വീട്ടമ്മയുടെ കാൽ വഴിയരികിലെ സ്ലാബിനിടയിൽ കുടുങ്ങിയിരുന്നു. ഓമല്ലൂർ ആറ്റുതീരം തോട്ടത്തിൽ വീട്ടിൽ റിട്ടയ വിജിലൻസ് എസ്.ഐ. പത്മകുമാറിന്റെ ഭാര്യ ബീന (51) ആണ് അപകടത്തിൽപ്പെട്ടത്. പനിക്ക് ചികിത്സതേടിയെത്തിയ ഇവർ വൈക്കിൽ നിന്ന് ഇറങ്ങുമ്പോൾ സ്ലാബിനിടയിൽ കാൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. അടുത്തിടെ രണ്ടുതവണ റോഡ് പുതുക്കിപ്പണിതിരുന്നു. ഇതിനുശേഷവും ഓടയുടെ മൂടി ശരിയായരീതിയിൽ അടച്ചില്ല. ഇൗ ഭാഗത്ത് പുല്ല് വളർന്നതോടെ ഓടകൾക്കിടയിലെ വിടവ് കാണാൻ കഴിയാത്തതും അപകടത്തിന് ഇടയാക്കുന്നുണ്ട്.
ഉദ്യോഗസ്ഥരുടെ അലംഭാവമാണ് നിലവിലെ പ്രശ്നത്തിന് കാരണം. റോഡ് നവീകരണത്തിന് ശേഷം ഓടയുടെ മൂടികൾ ശരിയായ രീതിയിൽ പുനഃസ്ഥാപിച്ചിട്ടില്ല. റോഡ് നിർമ്മാണത്തിലെ അപാകതയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാൻ ഭരണസമിതി മടിക്കുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാത്തപക്ഷം ശക്തമായ സമര പരിപാടികൾ നടത്തേണ്ടി വരും.
സിന്ധു അനിൽ
വാർഡ് കൗൺസിലർ