jail

പത്തനംതിട്ട: ജില്ലാ ജയിലിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് സാമ്പത്തിക അനുമതി ലഭിച്ചു. അടുത്തമാസം പണി തുടങ്ങിയേക്കും. ഇതിന് മുമ്പായി കോൺക്രീറ്റ് ഉറപ്പിന്റെ പഠന റിപ്പോർട്ടും ആദ്യഘട്ടത്തിലെ അഗ്‌നിസുരക്ഷാ അനുമതി പത്രവും ലഭിക്കണം. കോൺക്രീറ്റ് പഠന റിപ്പോർട്ട് ഗവ.എൻജിനീയിറിംഗ് കോളേജിൽ നിന്നോ സർക്കാർ അനുമതിയുള്ള ഏജൻസികളിൽ നിന്നോ വേണം ലഭിക്കാൻ. അഗ്‌നിശമന സേനാ വകുപ്പിന്റെ റീജിയണൽ ഓഫീസിൽ നിന്നാണ് ലൈസൻസ് ലഭിക്കേണ്ടത്. മാറിയ അഗ്‌നിസുരക്ഷാ നടപടികൾ പ്രകാരമാണ് പുതിയ അനുമതി പത്രത്തിന് അപേക്ഷ നൽകിയത്. 2019ലെ കെട്ടിട നിർമ്മാണ അനുമതിയിൽ നിന്ന് അഗ്‌നിസുരക്ഷാ നടപടികളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. രണ്ടാംഘട്ടത്തിനായി ആഭ്യന്തരവകുപ്പിൽനിന്ന് 6.98 കോടി രൂപ ലഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ പണി ആരംഭിക്കുമെന്നായിരുന്നു ജയിൽ അധികൃതർ പറഞ്ഞിരുന്നത്. പക്ഷേ,സങ്കേതികാനുമതി ലഭിക്കാൻ മൂന്നുമാസത്തോളം താമസിച്ചു. രണ്ടു കോടിക്കുമുകളിൽ ചെലവുള്ള പദ്ധതിയായതിനാൽ എറണാകുളം നീതിന്യായ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ടെൻഡർ പൂർത്തിയാക്കിയത്.

ആറ് വ‍ർഷമായി ജയിലില്ല

ആറു വർഷമായി പത്തനംതിട്ട ജില്ലയിൽ ജയിൽ പ്രവർത്തിക്കുന്നില്ല. പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ജയിൽ പൊളിച്ചു നീക്കിയതോടെയാണിത്. മൂന്നുനിലകളിൽ നിർമ്മിക്കുന്ന ജയിൽ സമുച്ചയത്തിന്റെ ഒരോനിലയും ഒരോഘട്ടമായി പൂർത്തിയാക്കാനായിരുന്നു തീരുമാനം. ഒന്നാം ഘട്ടത്തിൽ ലഭിച്ച അഞ്ചരക്കോടി രൂപകൊണ്ട് താഴത്തെ നിലയിലെ നിർമ്മാണങ്ങൾ പൂർത്തിയാക്കി.

2018ൽ സബ് ജയിൽ പൊളിച്ചതിന്റെ ഭാഗമായി തടവുകാരെ മറ്റുജയിലുകളിലേക്ക് മാറ്റിയിരുന്നു. ജില്ലയിൽ നിന്നുള്ള പ്രതികളെയും ജയിപ്പുള്ളികളേയും മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലാണ് പാർപ്പിക്കുന്നത്.

200 തടവുകാരെ പാർപ്പിക്കാം

താഴത്തെ നില : അഞ്ച് ഡബിൾ സെൽ, നാല് സിംഗിൾ സെൽ. ഒാഫീസ്, ജീവനക്കാർക്ക് വിശ്രമ മുറികൾ, അടുക്കള.

ഒന്നാംനില : ഏഴ് ഡബിൾ, ആറ് സിംഗിൾ സെൽ

രണ്ടാം നില : ഏഴ് ഡബിൾ സെൽ, ഏഴ് സിംഗിൾ സെൽ