pta
pta

ലോകത്ത് ജയിൽ ഇല്ലാത്ത നാട് ഉണ്ടെന്ന് കേൾക്കുന്നത് അത്ഭുതമാണ്. കൊലയും കൊള്ളയും അക്രമണങ്ങളുമില്ലാത്ത ഒരു നാടിനെപ്പറ്റി കേട്ടിട്ടുണ്ടോ. കള്ളവും ചതിയും ഇല്ലാത്ത മാവേലി നാട് എന്ന് ചിലർക്കു തോന്നാം. പക്ഷെ, അങ്ങനെയല്ല. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജയിലുകൾ ഇല്ലാത്ത ഒരേയൊരു രാജ്യമുണ്ട്. യൂറോപ്യൻ നാടായ നെതർലാന്റ്സ് ആണത്. ഡച്ച് എന്നും ആ രാജ്യം അറിയപ്പെടുന്നു. കുറ്റകൃത്യങ്ങളുടെ തോത് ഒരു ശതമാനത്തിലും താഴെ ആയതിനാൽ നെതർലാന്റ്സിലെ ജയിലുകൾ അടച്ചിരിക്കുകയാണ്. 2013 വരെ പത്തൊൻപതു തടവകാരാണ് അവിടെ ഉണ്ടായിരുന്നത്. കഴിഞ്ഞ ആറ് വർഷമായി തടവുകാർ ഇല്ല. കുറയുന്ന കുറ്റകൃത്യങ്ങളാണ് നെതർലാന്റ്സിനെ നന്മയുള്ളവരുടെ നാടാക്കി മാറ്റിയത്. ലോകത്താകമാനം ജയിൽ ഇല്ലാതാകുന്നത് ഒന്നു ആലോചിച്ചു നോക്കൂ. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം!.

എന്നാൽ, ജയിൽ ഇല്ലാത്ത ഒരു നാട് നമ്മുടെ കൊച്ചു കേരളത്തിലുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. വിശ്വസിച്ചേ പറ്റൂ. ആ നാടാണ് പത്തനംതിട്ട. പത്തനംതിട്ടയിൽ ഇപ്പോൾ ജയിൽ ഇല്ല. ഉണ്ടായിരുന്ന ഒരു ജയിൽ പൊളിച്ചുകളഞ്ഞു. ജയിൽ പൊളിച്ച കാര്യത്തിൽ നെതർലാന്റ്സിനും പത്തനംതിട്ടയ്ക്ക് സാമ്യമുണ്ട്. കുറ്റകൃത്യങ്ങൾ ഇല്ലാത്തതിനാൽ ആറ് വർഷം മുൻപാണ് നെതർലാന്റ്സിലെ അവസാനത്തെ ജയിൽ പൊളിച്ചത്. അതേ ആറ് വർഷം മുൻപ് തന്നെയാണ് പത്തനംതിട്ടയിലുണ്ടായിരുന്ന ഏക ജില്ലാ ജയിലും പൊളിച്ചത്. അപ്പോൾ പത്തനംതിട്ടയിൽ കുറ്റകൃത്യങ്ങൾ ഇല്ലാതായോ എന്നാകും ചോദ്യം. അവിടെയാണ് പ്രശ്നം. പല കുറ്റകൃത്യങ്ങൾക്കും പേര് കേട്ട നാടാണ് പത്തനംതിട്ട. ഏറ്റവും അവസാനം കേരളത്തെ പിടിച്ചു കുലുക്കിയ ഇലന്തൂർ നരബലിയാണ്. മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച സംഭവം. ഏറ്റവും അധികം പോക്സോ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്ന ജില്ലകളിലൊന്നും പത്തനംതിട്ടയാണ്. ഇത്തരം കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെിലും ഒട്ടേറെ സവിശേഷതകളുണ്ട് പത്തനംതിട്ടയ്ക്ക്. ഏറ്റവും അധികം ശുദ്ധവായു ലഭിക്കുന്ന സ്ഥലം. സംസ്ഥാനത്തിന്റെ ആത്മീയ തലസ്ഥാനമെന്ന ഖ്യാതിയുമുള്ള നാടാണ് പത്തനംതിട്ട. ശബരിമലയും മാരാമണ്ണും ആത്മീയ പ്രകാശം ചൊരിയുന്നു. ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത്, മാടമൺ ശ്രീനാരായണ കൺവെൻഷൻ തുടങ്ങിയ മത, സമുദായിക കൺവെൻഷനുകളും മനുഷ്യമനസിലേക്ക് വിവേകത്തിന്റെ വെളിച്ചം വീശുന്നു. എങ്കിലും കുറ്റകൃത്യങ്ങളിൽ പത്തനംതിട്ട പിന്നിലല്ല.

ഇഴയുന്ന നിർമ്മാണം

കുറ്റവാളികളെയും തടവകാരെയും പാർപ്പിക്കാൻ ജില്ലയിൽ ഇടമില്ല. ഉണ്ടായിരുന്ന ജില്ലാ ജയിൽ പൊളിച്ചു. പകരം പുതിയത് നിർമ്മിക്കുന്നതിന് ആറ് വർഷം മുൻപ് തറക്കല്ലിട്ടതാണെങ്കിലും നിർമ്മാണം ഇഴഞ്ഞു തന്നെ നീങ്ങുകയാണ്. ആദ്യ ഘട്ടം, രണ്ടാം ഘട്ടം, മൂന്നാം ഘട്ടം എന്നിങ്ങനെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആറ് വർഷമായിട്ടും പദ്ധതി എങ്ങുമെത്തിയിട്ടില്ല. തുടക്കം മുതൽ ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്ന ജയിൽ നിർമ്മാണം പതിയെപ്പതിയെ ഒന്നാം ഘട്ടത്തിൽ താഴത്തെ നിലയുടെ നിർമ്മാണം പൂർത്തിയാക്കി. അടുത്ത ഓരോ ഘട്ടങ്ങൾക്കും സാമ്പത്തിക, ഭരണാനുമതി ആവശ്യമാണ്. രണ്ടാം ഘട്ടത്തിനുള്ള അനുമതി ലഭിച്ചതേയുള്ളൂ. നിർമ്മാണം എന്നു തീരുമെന്ന് ഉറപ്പില്ല. അതു കഴിഞ്ഞിട്ടു വേണം മൂന്നാം ഘട്ടം തുടങ്ങാൻ. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിന്നതിനാലായിരുന്നു രണ്ടാം ഘട്ടത്തിനുള്ള അനുമതി വൈകിയത്. മൂന്ന് ഘട്ടങ്ങളും പൂർത്തിയാക്കി ജില്ലാ ജയിൽ ഉദ്ഘാടനം ചെയ്യുമ്പോഴേക്കും എത്ര വർഷങ്ങൾ പിന്നിടുമെന്ന് ആർക്കും തിട്ടമില്ല.

മൊത്തം ഇരുന്നൂറ് പേരെ പാർപ്പിക്കുന്നതിനുള്ള സൗകര്യം പുതിയ ജയിൽ കെട്ടിടത്തിലുണ്ടാകും. നിർമാണം പൂർത്തിയായ താഴത്തെ നിലയിൽ എഴുപത് പേരെ താമസിപ്പിക്കാനാകും. രണ്ട് ചെറിയ സെല്ലും ഒരു വലിയ സെല്ലും ഈ നിലയിലുണ്ട്. വലിയ സെല്ലുകളിൽ മുപ്പത് പേരെ വീതവും ചെറുതിൽ പത്തുപേരെയും പാർപ്പിക്കാൻ സാധിക്കും. കൂടാതെ, അടുക്കളയും ഓഫീസ് മുറികളും ജീവനക്കാർക്കുള്ള മുറികളും താഴത്തെ നിലയിലാണുള്ളത്. മുൻപ് ഇവിടെയുണ്ടായിരുന്ന വനിതാ സെൽ ഇനിയുണ്ടാവില്ല.
രണ്ടാംഘട്ടത്തിൽ ചുറ്റുമതിലിന് മുകളിൽ വൈദ്യുതവേലി, മാലിന്യനിർമാർജന പ്ലാന്റ്, ഒന്നാം നിലയിൽ തടവുകാരെ പാർപ്പിക്കുന്നതിനുള്ള മുറികൾ എന്നിവയാണ് നിർമിക്കുന്നത്. നൂറ്റിമുപ്പത് പേരെ പാർപ്പിക്കുന്നതിനുള്ള സെല്ലുകൾ ഒന്നാംനിലയിൽ നിർമിക്കും. ഈ ഘട്ടം പൂർത്തിയാകുന്നതോടെ ജയിലിന്റെ പ്രവർത്തനങ്ങൾ തുടങ്ങാം.

പത്തനംതിട്ടയിൽ സർക്കാർ കെട്ടിടങ്ങളുടെയും പാലങ്ങളുടെയുമൊക്കെ നിർമ്മാണം പണി തീരാത്ത വീടുപോലെയാണ്. ജില്ലാ പ്ളാനിംഗ് ഓഫീസ് നിർമാണം തൊണ്ണൂറ് ശതമാനം പിന്നിട്ടെങ്കിലും ബാക്കി തീർക്കാൻ വർഷം രണ്ടു പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. അബാൻ മേൽപ്പാലവും കോഴഞ്ചേരി പാലം നിർമ്മാണവും സർക്കാർ അനാസ്ഥയുടെ ജീവിക്കുന്ന ഉദാഹരണങ്ങൾ. ജയിൽ നിർമ്മാണത്തിന്റെ സ്ഥിതിയും ഇതുതന്നെ. ജില്ലയിലെ പ്രതികളെ തടവിൽ പാർപ്പിക്കുന്നത് മാവേലിക്കരയിലെയും കൊല്ലത്തെയും കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും ജയിലുകളിലാണ്. ജില്ലയിലെ പതിമൂന്ന് കോടതികളിൽ നിന്നുള്ള റിമാൻഡ് പ്രതികളെയാണ് ഇവിടങ്ങളിൽ പാർപ്പിക്കുന്നത്.

നിറയുന്ന ജയിലുകൾ

കുറ്റകൃത്യങ്ങൾ ഇല്ലതായി എല്ലയിടത്തെയും ജയിലുകൾ പൊളിച്ചുകളയുന്ന ഒരു കാലം സ്വപ്നം കാണുന്നവരുണ്ട്. ഉടനെയെങ്ങും ആ ദൂരം പിന്നിടില്ലെന്നു മാത്രമല്ല, ജയിലുകളുടെ എണ്ണം കൂട്ടേണ്ടിവരുമെന്നതാണ് നിലവിലെ കുറ്റകൃത്യങ്ങളുടെ തോത് സൂചിപ്പിക്കുന്നത്. ജയിലുകൾ നിറയുന്ന വരുംകാലത്തെ കരുതിയിരിക്കണം. ഗോതമ്പ് ഉണ്ട കഴിച്ചു കൊണ്ടു കിടന്ന തടവുകാർ ഇപ്പോൾ സുഖലോലുപതയിലാണ് ജയിലുകളിൽ കഴിയുന്നത്. അതുകൊണ്ട് നാട്ടിൽ കുറ്റകൃത്യങ്ങൾ കൂടാനാണ് സാദ്ധ്യത. സർക്കാർ ചെലവിൽ സുഭിക്ഷമായി ഉണ്ടും ഉറങ്ങിയും ജീവിക്കാൻ പറ്റുന്നയിടം ജയിലുകളാണ്. കേസുകളുടെ വിചാരണയും ശിക്ഷാവിധിയും അനന്തമായി നീളുന്നത് കുറ്റവാളികൾക്ക് സ്വർഗതുല്ല്യമായ ദിവസങ്ങളാണ് സമ്മാനിക്കുന്നത്. ഇത് ഗോവിന്ദച്ചാമിമാരുടെ ലോകമാണ്. ജയിൽ ജീവിതത്തിൽ എത്ര സുന്ദരനായിരിക്കുന്നു അയാൾ. നീതിയുടെ ദേവത തടവകാരോട് ഇങ്ങനെ ഉദാരമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ ക്രൂരകൃത്യങ്ങളുടെ ഇരകൾക്കും ബന്ധുക്കൾക്കും അവരുടെ ജീവിത കാലത്ത് സത്യത്തെ കണ്ട് കണ്ണടയ്ക്കാനാകുമോ.