മല്ലപ്പള്ളി : ജീവിത ശൈലി രോഗ നിർണ്ണയത്തിന്റെ ഭാഗമായി സർവേയിൽ പങ്കെടുത്ത വ്യക്തികൾക്ക് കോട്ടാങ്ങൽ കുടുബാരോഗ്യ കേന്ദ്രത്തിന്റെയും , ഗ്രാമ പഞ്ചായത്തിന്റെയും അഭിമുഖ്യത്തിൽ ശൈലി 2 മെഡിക്കൽ പരിശോധനാ ക്യാമ്പുകൾ 27 മുതൽ ആരംഭിക്കും. 27ന് പെരുമ്പാറ വിജയാ ഗ്രന്ധശാലയിൽ 10.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്യും. 28ന് കോട്ടാങ്ങൽ എൻ.എസ് എസ് കരയോഗം ഹാളിൽ വച്ചും ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. പുതുതായി സർവേ വഴി രജിസ്റ്റർ ചെയ്യുന്നതിനും വേണ്ട ക്രമീകരണം ചെയ്തുവരുന്നതായി മെഡിക്കൽ ഓഫീസർ ഡോ.സിമി.എഫ് അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡ് കൊണ്ടുവരേണ്ടതാണ്. തുടർന്നുള്ള ദിവസങ്ങളിൽ ക്യാൻസർ പരിശോധനാ ക്യാമ്പുകളും, ത്വക്ക് പരിശോധനാ ക്യാമ്പുകളും സംഘടിപ്പിക്കുന്നതാണ് .പരിശോധനയിൽ ജീവിത ശൈലീ രോഗം ഉണ്ടാകാൻ സാദ്ധ്യത ഉള്ളവർക്ക് വ്യായാമം , ഭക്ഷണക്രമം എന്നിവ സംബന്ധിച്ച് ബോധവത്കരണ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ശൈലി 2ന്റെ ആദ്യ ഘട്ടത്തിൽ എല്ലാ വാർഡുകളിലും ആശാ പ്രവർത്തകർ സർവേ ആരംഭിച്ചു. ഇതിന്റെ പ്രചരണാർത്ഥം കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രം വിവിധ ബോധവത്കരണ പരിപാടികളും നടത്തിവരുന്നുണ്ട്. ശൈലി 2ന്റെ വീഡിയോ ജില്ലാ തലത്തിൽ തന്നെ ശ്രദ്ധേയമായിട്ടുണ്ട്. ഈ വീഡിയോ ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലും പ്രചരണത്തിന് ഉപയോഗിച്ചുവരുന്നതായി ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി.പിള്ള അറിയിച്ചു.