1
കൊറ്റനാട് പഞ്ചായത്തിലെ വെള്ളയിൽ ജില്ലാ ഹോമിയോ ആശുപത്രിയുടെ പ്രവേശന കവാടത്തിലെ വെള്ളക്കെട്ട് മറികടക്കാൻ ശ്രമിക്കുന്ന ചികിത്സയ്ക്ക് എത്തിയ വയോധികൻ.

മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിലെ വെള്ളയിൽ ജില്ലാ ഹോമിയോ ആശുപത്രിയുടെ പ്രവേശന കവാടത്തിലെ വെള്ളക്കെട്ട് ആശുപത്രിൽ എത്തുന്ന ജീവനക്കാരെയും, രോഗികളെയും ദുരിതത്തിലാക്കുന്നു. ജൽജിവൻ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾ മൂട്ടിയെങ്കിലും ഉപരിതലം കോൺക്രീറ്റ് ചെയ്യാത്തതിനാലാണ് പ്രവേശന കവാടത്തിൽ വെള്ളക്കെട്ടിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ദിവസേന നൂറിലതികം ആളുകളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. മഴ പെയ്താൽ ചെളിയഭിഷേകം നടത്തി ആശുപത്രിൽ പ്രവേശിക്കേണ്ട അവസ്ഥയാണിപ്പോൾ. വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾ ചെളിയിൽ പുതഞ്ഞ് അപകടത്തിൽപ്പെടുന്നതും പതിവാണ്. കിടത്തി ചികിത്സയുള്ള ആശുപത്രിയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ഐ പിയും, അടിയന്തര ചികിത്സ തേടി എത്തുന്നവർക്കായി എമർജൻസി ട്രീറ്റ്മെന്റ് റൂമും (ട്രയാജ്) ഉള്ള ആശുപത്രിയിലെക്കുള്ള പ്രവേശന കവാടത്തിലാണ് ഈ ദുരിതം നേരിടുന്നത്. അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ചികിത്സിക്കായി എത്തുന്നവരുടെയും ജീവനക്കാരുടെയും ആവശ്യം.

ഇരുമ്പുകുഴി - വെള്ളയിൽ - കുമ്പളംന്താനം റോഡും തകർച്ചയിൽ

ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് എത്തുന്നതിനുള്ള പ്രധാന സഞ്ചാര മാർഗമായ ഇരുമ്പുഴി - വെള്ളിയിൽ - കുമ്പളംന്താനും റോഡും തകർന്നിട്ട് നാളുകളായിട്ടും അധികൃതർക്ക് നിസംഗത. വെള്ളയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നിടത്തു നിന്നും 2.5 കിലോമീറ്റർ ദൂരപരിധിയിലാണ് തകർച്ച സംഭവിച്ചിട്ടുള്ളത്. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ കൂടിയുള്ള വാഹന യാത്ര ദുരിതമായിരിക്കുകയാണ്. ടാറിംഗ് ഇളകി മിക്കയിടങ്ങളിലും കുഴികൾ നിറഞ്ഞിട്ടുണ്ട്. അടുത്തിടെ പെയ്ത ശക്തമായ മഴയും റോഡിന്റെ തകർച്ചയ്ക്ക് കൂടുതൽ ആക്കം കൂട്ടി. മെറ്റൽ മറ്റിടങ്ങളിലേക്ക് വ്യാപിച്ചത് കാൽനട യാത്രയും ഇരുചക്രവാഹന യാത്രക്കാരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഓടയില്ലാത്തതിനാൽ മഴവെള്ളം ശക്തിയായി റോഡിലൂടെ ഒഴുകി റോഡ് തകർന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.