
പത്തനംതിട്ട : മാലിന്യ നിർമാർജനത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടും നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായില്ല. നഗരമദ്ധ്യത്തിലെ വിവിധ കേന്ദ്രങ്ങളിലുള്ള കടകളുടെ സമീപം അവശിഷ്ടങ്ങൾ കുന്നുകൂടുകയാണ്. പലയിടങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം അലക്ഷ്യമായി നിരന്നിരിക്കുന്നു. ഇടവഴികളും മലിനമാണ്. നഗരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അറിയിപ്പ് നൽകിയിട്ടും ഫലമൊന്നുമില്ല. രാത്രിയുടെ മറവിൽ മാലിന്യം തള്ളുകയാണ്.
ദുർഗന്ധം വമിച്ച് നഗരം
നഗരത്തിലെ ഓടയിലടക്കം മാലിന്യങ്ങൾ നിറഞ്ഞൊഴുകി ദുർഗന്ധം വമിക്കുകയാണ്.
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ഭക്ഷണ മാലിന്യവും മാംസാവശിഷ്ടങ്ങളും പൊതുയിടങ്ങളിൽ നിറഞ്ഞിരിക്കുന്നു. ഓണത്തിന് ശേഷിച്ച മാലിന്യങ്ങൾ പോലും പലരും നീക്കം ചെയ്തിട്ടില്ല. മാലിന്യം തള്ളുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നുണ്ടെങ്കിലും മാലിന്യ പ്രശ്നത്തിന് പരിഹാരമായിട്ടില്ല.
ഭീതിയായി തെരുവുനായകൾ
നഗരത്തിൽ തള്ളുന്ന ഭക്ഷണമാലിന്യങ്ങൾക്കായി തെരുവുനായകളും രംഗത്തുണ്ട്. രാത്രിയാത്ര ദുഷ്കരമാണ്. ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെ കുരച്ചുകൊണ്ട് ഒാടുന്ന നായകൾ അപകടത്തിനും കാരണമാകുന്നു.
സംഭരണകേന്ദ്രത്തിൽ തോന്നിയ പോലെ
സംഭരണകേന്ദ്രത്തിൽ തോന്നിയ പോലെയാണ് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്. ഒരോതരം മാലിന്യത്തിനും പ്രത്യേകമായ സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും സംഭരണ കേന്ദ്രത്തിൽ എല്ലാം വലിച്ചുവാരി ഇട്ടിരിക്കുകയാണ്. ഹരിതകർമ്മ സേനകളടക്കം ഈ മാലിന്യങ്ങൾ ശേഖരിക്കില്ല. പത്തനംതിട്ട റിംഗ് റോഡിലൂടെ മൂക്ക് പൊത്താതെ നടക്കാനാകില്ല.
ദുർഗന്ധം കാരണം വഴി നടക്കാൻ പോലുമാകില്ല. നഗരസഭ ശ്മശാനത്തിൽ ഒരു സംസ്കാര ചടങ്ങിന് എത്തിയതാണ് . അറവുമാലിന്യവും അല്ലാത്തവയും കാരണം അകത്തേക്ക് കടക്കാൻ പോലും പറ്റുന്നില്ല.
സുലോചന, വീട്ടമ്മ