bandhi-

പത്തനംതിട്ട : ഓണത്തിനുശേഷം വിപണി കണ്ടെത്താൻ കഴിതായതോടെ ജില്ലയിലെ ബന്ദിപ്പൂ കർഷകർ പ്രതിസന്ധിയിലായി. വിവിധ കുടുംബശ്രീ യൂണിറ്റുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്വയംസംരംഭകർ, ജെ.എൽ.ജി ഗ്രൂപ്പുകൾ, വിദ്യാർത്ഥി കൂട്ടായ്മ, ക്ഷേത്ര ഉപദേശക സമിതികൾ എന്നിവരാണ് പ്രധാനമായും ബന്ദിപ്പൂ കൃഷി നടത്തിയത്. സ്ഥലം പാട്ടത്തിനെടുത്തും കൂട്ടായ പരിശ്രമത്തിലൂടെയും ഏക്കറുകണക്കിന് പാടത്ത് ബന്ദിപ്പൂക്കൾ വിരിഞ്ഞു. ഓണവിപണി ലക്ഷ്യമിട്ട തോട്ടങ്ങളിൽ ഇപ്പോഴും പൂക്കൾ വിളവെടുക്കാൻ പാകമായിട്ടുണ്ട്.

അത്തം മുതൽ പൂരാടം വരെയുള്ള ദിവസങ്ങളിൽ നാട്ടിലെ കർഷകരിൽ നിന്ന് പൂക്കടക്കാർ ബന്ദിപ്പൂ വാങ്ങിയിരുന്നു. വഴിയോരങ്ങളിലും നവമാദ്ധ്യമങ്ങളിലൂടെയും പൂവിന്റെ കച്ചവടം തകൃതിയായി നടന്നു.

വില കുറച്ച് തമിഴ് വിപണി

നാട്ടിൽ ബന്ദിപ്പൂ ആവശ്യത്തിന് ലഭ്യമായതോടെ തമിഴ്നാട്ടിൽ നിന്നുള്ള പൂവിന് ആവശ്യക്കാരും കുറഞ്ഞു. വരവ് പൂവിന് ആവശ്യക്കാർ കുറഞ്ഞതോടെ തമിഴ് നാട്ടിൽ നിന്നുള്ള കച്ചവടക്കാർ പൂവില കുറച്ചു. ഇതോടെ കച്ചവടക്കാർ വീണ്ടും തമിഴ് വിപണിയെ ആശ്രയിച്ചു തുടങ്ങി. ഒാണക്കാലത്തെ ആദ്യവിളവെടുപ്പിനുശേഷം ബന്ധിപ്പൂ പാടങ്ങൾ വീണ്ടും പൂത്തുലഞ്ഞെങ്കിലും വിപണി ഇല്ലാതായതോടെ കർഷകർ‌ പ്രതിസന്ധിയിലായി.

ബന്ദിപ്പൂവ് വില 1കിലോയ്ക്ക്

കഴിഞ്ഞ വർഷം : 90 - 200 രൂപ

ഇത്തവണ : 80 - 120 രൂപ

ബന്ദിപ്പൂവിലൂടെ വരുമാനം ലക്ഷ്യമിട്ടാണ് മിക്ക കർഷകരും കൃഷിയിറക്കിയത്. കർഷകരുടെ പ്രയത്നം കൂടാതെ തൈ, വളം, സംരക്ഷണ വേലി ഉൾപ്പടെ അര ഏക്കറിൽ കൃഷി നടത്തിയതിന് 15000 മുതൽ 19000 രൂപ വരെ രൂപ ചെലവായി. വിപണി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വൻ സാമ്പത്തിക ബാദ്ധ്യത ഉണ്ടാകും

ശ്രീലത, ജെ.എൽ.ജി സമൃദ്ധി ഗ്രൂപ്പ്

പനങ്ങാട്

ബന്ദിപ്പൂ കർഷകർക്ക് കുടുംബശ്രീ മുഖാന്തിരം വിപണി കണ്ടെത്താനുള്ള സഹായം ലഭ്യമാക്കും. കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ നിലവിൽ സംവിധാനമില്ല. കർഷകരെ സഹായിക്കാൻ മാർഗങ്ങൾ കണ്ടെത്തും.

എസ്.ആദില,

കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ