കോന്നി: കഴിഞ്ഞ ദിവസം ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കോന്നി ഗവ.മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥി അഭിൻ പഠനത്തിൽ സമർത്ഥൻ. പത്താം ക്ലാസിലും പ്ലസ് ടുവിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. മെറിറ്റിലൂടെയാണ് കോന്നി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്. സഹപാഠികളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അഭിന്റെ മരണവിവരം അറിഞ്ഞ നടുക്കത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. തിരുവനന്തപുരം കല്ലറ പാങ്ങോട് അനൂഭവനത്തിൽ അനിൽകുമാറിന്റെയും എൽസിയുടെയും മകനായ അഭിനെ ഞായറാഴ്ച ഉച്ചയ്ക്കാണ് മെഡിക്കൽ കോളേജിന് സമീപമുള്ള രാമനിലയം ലോഡ്ജിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാംവർഷ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു. അഭിന്റെ അച്ഛനും അമ്മയും രണ്ടുദിവസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ലോഡ്ജ് ഉടമയെ വിവരമറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാല് സഹപാഠികളോടൊപ്പമായിരുന്നു അഭിൻ ഇവിടെ താമസിച്ചിരുന്നത്. സഹപാഠികൾ അവധിക്ക് നാട്ടിൽ പോയിരിക്കുകയായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് അമ്മയുടെ മൊബൈലിലേക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇത്രയും നല്ല അച്ഛനും അമ്മയും വേറെ ഇല്ലെന്നും താൻ ചെയ്ത തെറ്റുകൾക്ക് മാപ്പ് ചോദിക്കുന്നെന്നുമായിരുന്നു മെസേജ്. മൃതദേഹം കണ്ടെത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് ലോഡ്ജിന് സമീപത്തുള്ള ഹോട്ടലിൽ എത്തി ചായ കുടിച്ചിരുന്നു, സഹപാഠികളായ വിദ്യാർത്ഥികൾക്കും അഭിൻ വാട്സ്ആപ്പ് മെസേജുകൾ അയച്ചിരുന്നുവെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.