 
കടമ്പനാട്: തുവയൂർ ജംഗ്ഷന് സമീപം കാടുപിടിച്ച കനാൽ റോഡ് മാലിന്യ കേന്ദ്രമായതോടെ കാട്ടുപന്നികളുടെയും തെരുവ് നായകളുടെയും താവളമായി. സമീപത്തെ സ്‌കൂളിലേക്കും ആശുപത്രിയിലേക്കുമുള്ള റോഡ് കൂടിയാണിത്. കനാൽ റോഡിന്റെ വശങ്ങളിലെ പൊന്തക്കാട്ടിലേക്ക് രാത്രികാലങ്ങളിൽ വാഹനങ്ങളിൽ മാലിന്യം തള്ളുന്നുണ്ട്. അറവുശാലകളിലെ മാംസാവശിഷ്ടങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, പാഡുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, മദ്യക്കുപ്പികൾ തുടങ്ങിയവ ചാക്കുകളിലാണ് ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. ഇവിടെ താവളമടിക്കുന്ന കാട്ടുപന്നികൾ രാത്രികാലങ്ങളിൽ സമീപ പ്രദേശത്തെ കൃഷികൾ നശിപ്പിക്കുന്നു. ചേമ്പും ചേനയും കപ്പയും മൂടോടെ കുത്തിമറിച്ചിടുകയാണെന്ന് കർഷകർ പറയുന്നു.
റോഡിനോട് ചേർന്ന ഗ്രൗണ്ടിൽ മദ്യപാനികളും സാമൂഹിക വിരുദ്ധരും രാത്രിയിൽ തമ്പടിക്കുന്നു. ചില്ലുകുപ്പികൾ റോഡിൽ എറിഞ്ഞുപൊട്ടിച്ച നിലയിലാണ്. കുപ്പിക്കഷണങ്ങൾക്ക് നടവിലൂടെയാണ് കുട്ടികളടക്കം ആളുകൾ നടന്നുപോകുന്നത്. കെ.ഐ.പി കനാൽ സ്ഥലത്തെ മൈതാനത്ത് ഫുട്ബാൾ, ക്രിക്കറ്റ് കളികൾ നടന്നിരുന്നു. ഇവിടെ കുപ്പികളും മാലിന്യങ്ങളും തള്ളുന്നതു കാരണം കളികൾ മുടങ്ങി.
മറ്റ് സ്ഥലങ്ങളിൽ നിന്ന് പിടികൂടുന്ന തെരുവ് നായകളെ വാഹനങ്ങളിലെത്തിച്ച് ഇവിടെ ഉപേക്ഷിക്കുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ തിന്നുന്ന നായകൾ പകൽ തുവയൂർ ജംഗ്ഷനിൽ അപകടമുണ്ടാക്കുന്നു. തിരക്കേറിയ കടമ്പനാട് - അടൂർ റോഡിൽ നായകൾ വാഹനങ്ങൾക്ക് കുറുകെ ചാടുന്നത് പതിവാണ്.
കനാൽ റോഡിൽ മാലിന്യത്തിന്റെ ഗന്ധം രൂക്ഷമാണ്.
-----------------------
കടമ്പനാട് പഞ്ചായത്തിലെ പതിനാറാം വാർഡാണ് തുവയൂർ പ്രദേശം. ഏതു മുന്നണി അധികാരത്തിൽ വന്നാലും തുടർച്ചയായി അവഗണിക്കപ്പെടുന്ന സ്ഥലമാണിത്. കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് കാരണം കർഷകർ ദുരിതത്തിലാണ്. റോഡ് വശത്തെ കാടു തെളിക്കുകയും മാലിന്യം തള്ളുന്നവരെ പിടികൂടുകയും വേണം.
ജോൺസൺ, തുവയൂർ