തിരുവല്ല : അപ്പർകുട്ടനാടൻ മേഖലയിലെ പ്രധാന യാത്രാ മാർഗമായ കടപ്ര - വീയപുരം ലിങ്ക് ഹൈവേയുടെ നവീകരണം വൈകുന്നത് യാത്രക്കാർക്ക് ദുരിതമായി. പത്തനംതിട്ട - ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് കടപ്ര, നിരണം പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന പ്രധാന റോഡാണിത്. ഏതാണ്ട് 20 വർഷക്കാലം മുമ്പ് നിർമ്മിച്ച റോഡിൽ നാളിതുവരെയായി നാമമാത്രമായ അറ്റകുറ്റപ്പണികളെ നടത്തിയിട്ടുള്ളൂ. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. വെള്ളപ്പൊക്ക കാലത്താണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ദുരിതം ഇരട്ടിയാവുന്നത്. കടപ്ര കെ.എസ്.ഇ.ബി ഓഫീസിന് സമീപം മുതൽ പലഭാഗങ്ങളിലായി ഉണ്ടാവുന്ന വെള്ളക്കെട്ട് വീയപുരം പാലത്തിന് സമീപംവരെ നീളുന്നു. പഴയകാലത്ത് നെൽപ്പാടങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച ബണ്ടുകളാണ് പിന്നീട് റോഡാക്കി മാറ്റിയത്. ഇതിന്റെ അടിത്തറ ബലപ്പെടുത്താൻ കഴിയാത്തതാണ് റോഡിന്റെ പലഭാഗങ്ങളും ഇടിഞ്ഞുതാഴാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം 2018ലെ മഹാപ്രളയവും റോഡിന്റെ തകർച്ചയ്ക്ക് ആക്കംകൂട്ടി. റോഡിന്റെ മിക്ക ഭാഗങ്ങളും വലിയ വാഹനങ്ങൾക്ക് പോലും പോകാൻ കഴിയാത്തവിധം വെള്ളത്തിൽ മുങ്ങും. മഴ കനത്താൽ നിരണത്തെ പ്രാഥമികാരോഗ്യകേന്ദ്രവും വെള്ളത്തിലാകും. റോഡിന്റെ വീതി വർദ്ധിപ്പിക്കാനായി സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്ത് കല്ല് സ്ഥാപിക്കുന്ന ജോലികൾ മൂന്നുവർഷം മുമ്പ് നടത്തിയിരുന്നു. ഇപ്പോൾ റോഡിന്റെ വശങ്ങളെല്ലാം കാടുകയറിയ നിലയിലാണ്. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന തരത്തിൽ റോഡ് ഉയർത്തി നിർമ്മിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. എന്നാൽ റോഡ് നവീകരണം വൈകുന്നതിനാൽ യാത്രക്കാരുടെ ദുരിതവും നീളുകയാണ്.
...............................
നല്ല റോഡ് ഇല്ലാത്തതിനാൽ അത്യാസന്ന നിലയിലുള്ള രോഗികളെ വെള്ളപ്പൊക്ക കാലത്ത് ടോറസുകളിലും ട്രാക്ടറിലും ആശുപത്രിയിൽ എത്തിക്കേണ്ട നിരവധി സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.
(പ്രദേശവാസികൾ)
...........
റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിന് പത്തു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
(പൊതുമരാമത്ത് വകുപ്പ് അധികൃതർ)
..................
10കോടിയുടെ ഭരണാനുമതി ലഭിച്ചു
റോഡിന്റെ വശങ്ങൾ കാടുകയറിയ നിലയിൽ