റാന്നി: ഗ്യാസ് സിലിണ്ടർ ലീക്ക് ചെയ്തുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസാം സ്വദേശി ഗണേശ് മരിച്ചു. ഞായറാഴ്ച രാത്രി 9.15 ഒാടെയാണ് ഗണേശ് താമസിച്ചിരുന്ന മുറിയിൽ ഉഗ്രസ്ഫോടനം ഉണ്ടായത്. റാന്നി ഹെഡ് പോസ്റ്റ് ഒാഫീസിനു മുമ്പിലുള്ള കെട്ടിടത്തിലായിരുന്നു സ്ഫോടനം കതക് ഇളകി ദൂരേക്ക് തെറിച്ചുപോയി. ജനൽ ചില്ലുകളും മറ്റും തകർന്നു. സ്പോടനമുണ്ടായ കെട്ടിടത്തിന് സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ മെയിൻ ഗ്ലാസുകൾ ഉൾപ്പടെ പൊട്ടിനശിച്ചിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. 500 മീറ്ററിന് മുകളിൽ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞു.