ചെങ്ങന്നൂർ: കല്ലിശേരി മഴുക്കീർമേൽ മഹാവിഷ്ണു ക്ഷേത്രത്തിൽ എസ്.എൻ.ഡി.പിയോഗം 1197ാം നമ്പർ ഉമയാറ്റുകര ശാഖയിലെ വനിതകൾ പ്രാർത്ഥനയോടൊപ്പം ശ്രീനാരായണഗുരുദേവനെക്കുറിച്ചുള്ള കീർത്തനം ചൊല്ലിയത് തടസപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുരേഷ് കെ.കെ., സഞ്ജുസത്യൻ എന്നിവർക്കെതിരെ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. ആർ.എസ്.എസ്. പ്രവർത്തകരാണെന്ന് അവകാശപ്പെട്ടാണ് ഇവർ ഗുരുദേവ പ്രാർത്ഥന തടസപ്പെടുത്തിയത്.
ഈ തെറ്റ് ചൂണ്ടിക്കാണിച്ച ഉമയാറ്റുകര ശാഖയിലെ കമ്മിറ്റി അംഗമായ ദേവരാജനെയും ഇവർ ഭീഷണിപ്പെടുത്തി. ഗുരുദേവനെ നിന്ദിച്ചവർ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പിയോഗം ടൗൺ മേഖലയുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് 4.30 ന് കല്ലിശേരി ജംഗ്ഷനിൽ പ്രതിഷേധയോഗവും തുടർന്ന് ക്ഷേത്രകവാടത്തിന് മുന്നിൽ ഗുരുദേവനാമജപയജ്ഞവും നടത്തും.
യൂണിയൻ അഡ്മിനിസിട്രേറ്റർ സുരേഷ് പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ യൂത്ത്മൂവ്മെന്റ് താലൂക്ക് കൺവീനർ വിനീത് വിജയൻ ചെയർമാൻ വിഷ്ണുരാജ്, വൈദികയോഗം പ്രസിഡന്റ് സൈജു പി സോമൻ ശാന്തി , ഉമയാറ്റുകര ശാഖ സെക്രട്ടറി സതീഷ് കല്ലുപറമ്പിൽ, ടൗൺ ശാഖാ സെക്രട്ടറി സിന്ധു എസ്.മുരളി, തിരുവൻവണ്ടൂർ ശാഖ സെക്രട്ടറി സോമോൻ തോപ്പിൽ, മുണ്ടൻകാവ് ശാഖ സെക്രട്ടറി സനജ സോമൻ, രമേശ് രവി, സതിൻ സത്യൻ തുടങ്ങിയവർ സംസാരിച്ചു. മേഖല കൺവീനറും വൈദികയോഗം ജോയിന്റ് സെക്രട്ടറിയുമായ സതീഷ് ബാബു സ്വാഗതവും മേഖല വൈസ് ചെയർമാനും തിരുവൻവണ്ടൂർ ശാഖ പ്രസിഡന്റുമായ ഹരി പത്മനാഭൻ നന്ദിയും പറഞ്ഞു.