തിരുവല്ല : പെരിങ്ങര ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലുമായി തിങ്ങിപ്പാർക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടാകുന്ന സംഘർഷം നാട്ടുകാർക്ക് ഭീഷണിയാകുന്നു. പ്രദേശത്തും ഒരുകിലോമീറ്റർ ചുറ്റളവിലുമായി തിങ്ങിപാർക്കുന്ന ആയിരത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് സംഘം ചേർന്ന് ഏറ്റുമുട്ടുന്നത്. തിരുവോണ ദിനത്തിൽ പെരിങ്ങര ജംഗ്ഷനിൽ എഴുപതോളം ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷം വലിയ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. മെഷീൻ വാളുകളും വെട്ടുകത്തിയും അടക്കം കരുതിയാണ് ഇക്കൂട്ടർ പരസ്പരം കൊലവിളി നടത്തിയത്. സംഘർഷം തടയാൻ എത്തിയ നാട്ടുകാർക്ക് നേരെയും ഇവർ ആക്രമണത്തിന് ശ്രമിച്ചു. സംഭവമറിഞ്ഞ് പുളിക്കീഴ് പൊലീസ് സ്ഥലത്ത് എത്തും മുമ്പ് ഇവർ പലഭാഗങ്ങളിലേക്ക് ചിതറി ഓടി. ഉത്രാട ദിനത്തിൽ രാത്രി 11ന് പെരിങ്ങര - ചാത്തങ്കരി റോഡിൽ വന്ദനപ്പടിക്ക് സമീപം താമസിച്ചിരുന്ന 50 ഓളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ രണ്ട് സംഘങ്ങളായും തിരിഞ്ഞ് ഏറ്റുമുട്ടി. ഈ സംഘർഷത്തിൽ വെട്ടേറ്റ മൂന്നുപേരെ പൊലീസ് എത്തിയാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാലിനും പെരിങ്ങര ജംഗ്ഷന് സമീപം ഇവരുടെ താമസ സ്ഥലത്ത് സംഘർഷം ഉണ്ടായിരുന്നു.

മിക്കവരും ലഹരിക്ക് അടിമകൾ,​ പൊലീസ് ഇടപെടുന്നില്ലെന്ന് പരാതി

ഇവരുടെ കൂട്ടത്തിൽ കൊടും ക്രിമിനലുകൾ വരെയുണ്ടെന്ന് സംശയം ഉയർന്നിട്ടുണ്ട്. മിക്കവരും കഞ്ചാവ് അടക്കമുള്ള ലഹരിക്ക് അടിമകളാണെന്നും മറ്റു തൊഴിലാളികൾ പറയുന്നു. അടുത്തകാലത്ത് ഇവിടെ നിന്ന് വൻതോതിൽ ലഹരിവസ്‌തുക്കളും പിടികൂടിയിരുന്നു. പെരിങ്ങര പാലത്തിന് സമീപം വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്തു ലൈസൻസില്ലാതെ ഹോട്ടലുകളിലും ബേക്കറികളിലും മറ്റും വിതരണം ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ താവളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ടെത്തി അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. പെരിങ്ങരയിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കോ കൃത്യമായ വിവരങ്ങളോ ഒന്നും തന്നെ ലഭ്യമല്ല. ഇവരെ നിയന്ത്രിക്കാൻ പൊലീസ് ഇടപെടുന്നില്ലെന്ന പരാതിയും വ്യാപകമാണ്. പെരുകിവരുന്ന തൊഴിലാളികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കാരണം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ ഭീതിയിലാണ്.