തിരുവല്ല : പെരിങ്ങര മാരാംപറമ്പിൽ വീട്ടിൽ വിനീതയ്ക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ, രോഗദുരിതങ്ങൾ മൂലം ചികിത്സയിലായ ഭർത്താവ് വിനോദിനെ എങ്ങനെയെങ്കിലും തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരണം. മക്കളായ നന്ദനയ്ക്കും അനന്ദുവിനുമൊപ്പം സന്തോഷത്തോടെ ജീവിക്കണം. എന്നാൽ ഈ നാലംഗ കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ്. വിനീതയുടെ ഭർത്താവ് ഓട്ടോ ഡ്രൈവറായ വിനോദിന് വൻകുടലിൽ പിടിപെട്ട ഗുരുതരരോഗമാണ് ഈ കുടുംബത്തിന്റെ ജീവിതതാളം തകിടംമറിച്ചത്. രോഗബാധിതനായി ഒരുമാസം മുമ്പ് അമൃത ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച വിനോദിന് വേണ്ടി കുടുംബം ഉണ്ടായിരുന്നതെല്ലാം പണയപ്പെടുത്തി കിട്ടാവുന്നതൊക്കെ വാങ്ങി ചികിത്സിച്ചു. എന്നിട്ടും പണം തികയാതെ വന്നതോടെ ഏക വരുമാനമാർഗമായിരുന്ന ഓട്ടോറിക്ഷയും ചികിത്സയ്ക്കായി വിറ്റു. നിലവിൽ അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന വിനോദിന്റെ ആരോഗ്യനില വളരെയേറെ മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. എങ്കിലും ചികിത്സയ്ക്കും മരുന്നിനുമായി നല്ലൊരുതുക വേണ്ടിവരുന്നു. നിത്യജീവിതത്തിനുപോലും പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന ഈ നിർദ്ധന കുടുംബത്തിന് സുമനസുകളുടെ സഹായമില്ലാതെ മുന്നോട്ട് പോകാനാകാത്ത സ്ഥിതിയാണ്. ഈ കുടുംബത്തിന് കൈത്താങ്ങാകാൻ കേരള ബാങ്ക് പെരിങ്ങര ശാഖയിൽ ഭാര്യ വിനീതയുടെ പേരിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 12081230120045, ഐ.എഫ്എസ്‌സി: KSBK0001208, ഗൂഗിൾപേ നമ്പർ: നന്ദന വിനോദ് (മകൾ) -9567837117.