elephant-
ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ ത്തോട്ടത്തിൽ എത്തിയ കാട്ടാനകൾ

കോന്നി: കാട്ടാനകളുടെ താവളമായി മാറുകയാണ് മലയാലപ്പുഴ പഞ്ചായത്തിലെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടം. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ കടവുപുഴ വനത്തിൽ നിന്ന് കല്ലാർ മുറിച്ചുകടന്നാണ് കാട്ടാനകൾ ദിവസവും റബർതോട്ടത്തിൽ എത്തുന്നത്. പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്ന തൊഴിലാളികൾ ഇതുമൂലം ഭീതിയിലാണ്. തോട്ടത്തിലെ റബറുകൾ വെട്ടിമാറ്റുന്നിടത്ത് പുതിയ റബർ വച്ചുപിടിപ്പിക്കുമ്പോൾ ഇടവിളയായി കൈതച്ചക്ക കൃഷി ചെയ്യുന്നുണ്ട്. കൈതച്ചക്കയും തോട്ടത്തിൽ വളർന്നുകിടക്കുന്ന പുല്ലും തേടിയാണ് കാട്ടാനക്കൂട്ടം എത്തുന്നത്. കടവുപുഴ, കുറുമ്പറ്റി, മക്കുവള്ളി ചെറുവാള, അരിക്കട തുടങ്ങിയ പ്രദേശങ്ങളിൽ ദിവസവും കാട്ടാനകൾ എത്തുന്നു. പലപ്പോഴും തൊഴിലാളികൾ ബഹളമുണ്ടാക്കിയാണ് കാട്ടാനകളെ തുരത്തുന്നത്. കാട്ടാനകളെ തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. കല്ലാറിന്റെ തീരത്ത് ദിവസവും എത്തുന്ന കാട്ടാനക്കൂട്ടത്തെ കാണാൻ നാട്ടുകാരും എത്തുന്നുണ്ട്. കല്ലാറിന്റെ ഒരുവശം വനവും മറുവശം ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റബർതോട്ടവുമാണ്. നേരത്തെ കാട്ടാനകൾ എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപത്തെത്തി നാശനഷ്ടം ഉണ്ടാക്കിയിരുന്നു. എസ്റ്റേറ്റിലെ കുറുമ്പറ്റി, വട്ടത്തറ, ഒന്നാം ഡിവിഷൻ എന്നിവിടങ്ങളിലെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളും ആശങ്കയിലാണ്.

ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്തിൽ കാട്ടാന ശല്യം വർദ്ധിക്കുകയാണ്. വനംവകുപ്പ് നടപടി സ്വീകരിക്കണം.

ബിജു എസ് പുതുക്കുളം ( മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം )