മല്ലപ്പള്ളി: പെരുമ്പെട്ടി - പുതുക്കുടിമുക്ക് റോഡിൽ കാട്ടുപന്നിശല്യം രൂക്ഷമാകുന്നു. സന്ധ്യ കഴിഞ്ഞാൽ യാത്രക്കാർക്ക് ഭീഷണിയായ ഇവറ്റകൾ റോഡിലേക്ക് ഇറങ്ങുകയാണ്. ഇരുചക്ര വാഹന യാത്രക്കാർക്കും , ഓട്ടോറിക്ഷ വാഹന യാത്രികരുമാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കാടു മൂടിയ പാതയോരങ്ങളിൽ നിന്ന് പെട്ടെന്ന് റോഡിലേക്ക് എത്തുന്ന പന്നിക്കൂട്ടങ്ങൾ പെട്ടെന്ന് യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെടണമെന്നില്ല.വിജനമായ റബർ തോട്ടങ്ങളിലും മറ്റ് ആളൊഴിഞ്ഞ ഇടങ്ങളിലുമാണ് പകൽ ഇവ തമ്പടിക്കുന്നത്. സന്ധ്യ മയങ്ങിയാൽ റോഡിലേക്ക് എത്തുന്ന ഇവ അപകടം വിളിച്ചു വരുത്തുന്നു. താലൂക്ക് പ്രദേശത്ത് നവീകരിച്ച ഗ്രാമീണ റോഡുകളിൽ കാട്ടുപന്നി തട്ടി ബൈക്ക് യാത്രക്കാർക്ക് അപകടം ഉണ്ടാകുന്നത് പതിവ് സംഭവമാണ്. ഉന്നത നിലവാരത്തിൽ നവീകരിച്ച സംസ്ഥാനപാതയുടെയും മറ്റ് ഗ്രാമീണ റോഡുകളുടെയും അരികിൽ കാടുവളർന്നത് വെട്ടി നീക്കാൻ ഇനിയും നടപടി ഇല്ലാത്തത് അപകടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് അധികാരികൾക്ക് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാവുന്നതാണെങ്കിലും ഓഡിറ്റ് ഒബ്ജക്ഷന്റെ സാദ്ധ്യത പറഞ്ഞ് അധികാരികൾ കൈമലർത്തുന്നതായിട്ടാണ് നാട്ടുകാരുടെ ആക്ഷേപം. വിജനമായ സ്ഥലത്തെ കാടുകൾ നീക്കം ചെയ്യുന്നതിന് പഞ്ചായത്തുകൾ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും ഇവ നടപ്പിലാക്കാറില്ലെന്ന ആക്ഷേപവും ശക്തമാണ്. തെരുവ് നായ്ക്കൾക്ക് പുറമെ കാട്ടുപന്നികളുടെ ശല്യം കൊണ്ടും പൊറുതിമുട്ടിയ അവസ്ഥയിലാണ് നാട്ടുകാരും യാത്രക്കാരും.