
കൊടുമൺ: തട്ടയിലെ വയലുകളിൽ ജലസേചനത്തിനായി നിർമ്മിച്ച മുല്ലോട്ട് ഡാമിന്റെ വികസനം അകലെ. ഡാം വികസനത്തിന് സർക്കാർ പലതവണയായി തുക അനുവദിച്ചെങ്കിലും നടപടികൾ മാത്രമില്ല. ഷട്ടർ ദ്രവിച്ച് ചോർച്ചയുണ്ടായതിനെ തുടർന്ന് ഡാമിൽ നിന്ന് ജലവിതരണം നിറുത്തിവച്ചിരിക്കുകയാണ്. ഡാമും പരിസരവും കാടുകയറി.
കൊടുമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ഡാം .ഏറെക്കാലം തട്ടയിലെ വയലുകളിൽ ജലസേചനത്തിനായി ഡാമിൽ നിന്നുള്ള വെള്ളം തോടുകളിലൂടെ കൊണ്ടുപോയി ഉപയോഗിച്ചിരുന്നു. 1992ൽ വിദേശഫണ്ട് ഉപയോഗിച്ച് ഡാമിൽ നടത്തിയ അശാസ്ത്രീയമായ നിർമ്മാണപ്രവർത്തനങ്ങൾ മൂലം ഡാമിന്റെ ഷട്ടറിൽ ചോർച്ചയുണ്ടായി. അന്നുമുതൽ ഡാം ഉപയോഗശൂന്യമായി കിടക്കുകയാണ്. അടിഭാഗത്തെ ഷട്ടർ ചോർന്ന് വെള്ളം ഒലിച്ചുപോയിരുന്നതിനാൽ വെള്ളം സംഭരിക്കപ്പെട്ടില്ല. മുല്ലോട്ട്മല, കോളമല എന്നിവയ്ക്കു മദ്ധ്യത്തിലാണ് ഡാം . ആൾത്താമസമില്ലാത്ത പ്രദേശമാണിത്. കുടിവെള്ളമായും ഡാമിലെ ജലം ഉപയോഗിക്കാൻ കഴിയും.
കൊടുമൺ പഞ്ചായത്തിന്റെ വടക്ക് പടിഞ്ഞാറായും പന്തളം തെക്കേക്കര പഞ്ചായത്തിന്റെ വടക്ക് കിഴക്കായുമാണ് മുല്ലോട്ട് ഡാം . ആറേക്കർ
വിസ്തൃതിയുള്ള ഡാമിന്റെ മുക്കാൽ ഭാഗവും കൊടുമൺ പഞ്ചായത്തിലാണ്. ഡാമിന് ജലാശയമില്ല. മൂന്ന് വശത്തും മലകളാണ്. അടിവാരത്തിലെ ചതുപ്പുസ്ഥലത്തെ വെള്ളം തടഞ്ഞുനിർത്തിയാണ് ഡാം പണിതത്. അന്ന് ഡാമിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. തട്ടയിലെ കണ്ണാടിവയൽ മുതൽ തുമ്പമൺ പഞ്ചായത്തിലെ പാടങ്ങളിൽവരെ മുല്ലോട്ട് ഡാമിൽ നിന്നാണ് ജലസേചനം നടത്തിയിരുന്നത്.
പണം അനുവദിച്ചിട്ടും പണി നടന്നില്ല
ഡാമിന്റെ വികസനത്തിന് സംസ്ഥാന സർക്കാർ മൂന്ന് ബഡ്ജറ്റുകളിലായി തുക അനുവദിച്ചെങ്കിലും പണി നടന്നില്ല. കൊടുമൺ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനു നൽകിയ നിവേദനത്തിന്റെ ഫലമായാണ് ഡാമിന് 2018, 2019 വർഷത്തെ ബഡ്ജറ്റുകളിലായി 3.50 കോടി രൂപ ആദ്യം അനുവദിച്ചത്. ഭരണാനുമതിയാകാത്തതിനാൽ ഡാം വികസനം നടന്നില്ല. 2022 ലെ ബഡ്ജറ്റിൽ മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. ഇതും രേഖയിലൊതുങ്ങി.
പണം അനുവദിച്ചത്
------------------
2018-19 ൽ 3.50 കോടി
2022 ൽ 3 കോടി
പ്രശ്നം
------------
1992ൽ വിദേശഫണ്ട് ഉപയോഗിച്ച് ഡാമിൽ നടത്തിയ അശാസ്ത്രീയമായ നിർമ്മാണപ്രവർത്തനങ്ങൾ മൂലം ഡാമിന്റെ ഷട്ടറിൽ ചോർച്ചയുണ്ടായി. അന്നുമുതൽ ഡാം ഉപയോഗശൂന്യമായി കിടക്കുകയാണ്.
ഡാം നിർമ്മിച്ചത് 60 വർഷം മുൻപ്