
കോന്നി: കോന്നി ഗവ. മെഡിക്കൽ കോളേജിൽ ഏഴ് നിലകളിലായി പണിയുന്ന പുതിയ ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടി നിർമ്മിക്കുന്ന കെട്ടിടത്തിൽ 200 കിടക്കകളാണ് സജ്ജമാക്കുന്നത്. നിർമ്മാണ പുരോഗതി അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. നിലവിൽ 300 കിടക്കകളോടുകൂടിയ ആശുപത്രി കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. എല്ലാ നിലകളുടെയും നിർമ്മാണം നിലവിൽ പൂർത്തിയായിട്ടുണ്ട്. പ്ളാസ്റ്ററിംഗ് ,പ്ളംബിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
പുതിയ ആശുപത്രി കെട്ടിടത്തിൽ ഒരുക്കുന്ന സൗകര്യങ്ങൾ....ഒന്നാം നില : റിസപ്ഷൻ, ഫാർമസി, നേത്രരോഗം, അസ്ഥിരോഗം വിഭാഗങ്ങളുടെ ഒ.പി..രണ്ടാം നില : ജനറൽ സർജറി, ഇ.എൻ.ടി, ടി.ബി ആൻഡ് റസ്പിറേറ്ററി വിഭാഗങ്ങളുഏെ ഒ.പി.മൂന്നാം നില : ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, ഇ.എൻ.ടി ഡിപ്പാർട്ടുമെന്റുകൾ .നാലാം നില : ജനറൽ സർജറി, നേത്രരോഗ വിഭാഗം വാർഡുകൾ.അഞ്ചാം നില : ജനറൽ സർജറി , ഇ.എൻ.ടി വാർഡുകുൾ .ആറാം നില : അസ്ഥിരോഗ വിഭാഗം, ത്വക്ക് രോഗവിഭാഗം വാർഡുകൾ .ഏഴാം നില : ഐസൊലേഷൻ വാർഡ് ,ടി..ബി ആൻഡ് റസ്പിറേറ്ററി വാർഡ്.
*7 നിലകൾ
*1.50 ലക്ഷം സ്ക്വയർ ഫീറ്റ്.
*200 കിടക്കകൾ
ഇ -ഹെൽത്ത് സംവിധാനം
ഒ.പിയിലെ തിരക്ക് ഒഴിവാക്കാൻ ഏർപ്പടുത്തിയ ഇ -ഹെൽത്ത് ഓൺലൈൻ ഒ.പി ടിക്കറ്റ് ബുക്കിംഗ് സംവിധാനം രോഗികൾക്ക് ആശ്വാസമാകുന്നുണ്ട്. നിരവധി രോഗികളാണ് മൊബൈൽ ഫോൺ വഴിയും ജനസേവന കേന്ദ്രങ്ങൾ വഴിയും ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇതിലൂടെ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ തിക്കും തിരക്കും കുറയ്ക്കാൻ കഴിയുന്നതിനൊപ്പംവിദഗ്ദ്ധ ചികിത്സയും ലഭ്യമാകുന്നുണ്ട്.
പുതിയ ആശുപത്രി കെട്ടിടം കൂടി പ്രവർത്തനക്ഷമമാകുന്നതോടെ 500 രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാൻ കഴിയും. കിഫ്ബിയിൽ നിന്നും അനുവദിച്ച 352 കോടി രൂപ ഉപയോഗിച്ചുള്ള വിവിധ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
അഡ്വ.കെ.യു. ജനീഷ് കുമാർ (എം.എൽ.എ )