റാന്നി : അത്തിക്കയം - കടുമീൻചിറ റോഡിലെ കൊച്ചുപാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു തോട്ടിൽ പതിച്ചിട്ട് മാസങ്ങളായിട്ടും പുനർനിർമ്മാണം വൈകുന്നു.
റോഡ് നവീകരണത്തിനൊപ്പം പാലം പൊളിച്ചുപണിയാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും കരാറുകാരന്റെ അലംഭാവംമൂലം പദ്ധതി മുടങ്ങി.
1.8 കിലോമീറ്റർ നീളമുള്ള കോൺക്രീറ്റ് റോഡിലെ പാലവും 100 മീറ്റർ സമീപനപാതയുമാണ് പൂർത്തിയാകാനുള്ളത്.
പ്രമോദ് നാരായണൻ എം.എൽ.എ ഇടപെട്ട് നിർമ്മാണം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. കടുമീൻചിറ കിഴക്കേഭാഗം, തോണിക്കടവ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ സംരക്ഷണഭിത്തിക്കുണ്ടായ തകർച്ച പ്രദേശത്ത് യാത്രാപ്രശ്നങ്ങൾക്കും കാരണമായി.
ഗതാഗതം നിരോധിച്ചു ?
കഴിഞ്ഞ ജൂലൈയ് രണ്ടിന് രാത്രിയാണ് സംരക്ഷണഭിത്തി തകർന്ന് പാലം അപകടാവസ്ഥയിലായത്. തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചിരുന്നു. എന്നാൽ നിർമ്മാണം അനന്തമായി നീണ്ടുപോയതോടെ പാലത്തിലൂടെ ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
അത്തിക്കയം ടൗണിൽ നിന്ന് നാറാണംമൂഴി സഹകരണ ബാങ്ക്, സ്കൂളുകൾ , കടുമീൻചിറ ശിവക്ഷേത്രം. എസ്.എൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയിലാണ് അപകടാവസ്ഥയിലുള്ള പാലമുള്ളത്.
റോഡും പാലവും
റീ ബിൽഡ് കേരള പദ്ധതിയിൽ പുതിയ
പാലത്തിനും അത്തിക്കയം - കടുമീൻചിറ റോഡിനുമായി
അനുവദിച്ചത് : 3.5 കോടി
നീളം : 1.8 കിലോ മീറ്റർ. വീതി : 8 മീറ്റർ,
പൂർത്തിയാകാനുള്ളത് : പാലവും 100 മീറ്റർ റോഡും
അപകടാവസ്ഥയിലായത് 45 വർഷം പഴക്കമുള്ള പാലം
പാലം പുതുക്കി പണിയാനുള്ള നടപടികൾ ഉടൻ ആരംഭിക്കണം . പണികൾ ഉടൻ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു പറ്റിക്കുകയാണ്.
പ്രദേശവാസികൾ