ഉപയോഗശൂന്യമായ ഫർണിച്ചറുകൾ, പേപ്പർ മാലിന്യങ്ങൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ നിറയുകയാണ് സർക്കാർ സ്ഥാപനങ്ങളിൽ

പത്തനംതിട്ട: കസേരകളും പഴയ ഫയലുകളും നിറഞ്ഞ വരാന്ത. ആക്രി കടകൾക്ക് സമാനമായ ഇടനാഴി. നിരവധിയാളുകൾ ദിവസവും വന്നു പോകുന്നതും ജോലി ചെയ്യുന്നതുമായ പത്തനംതിട്ട കളക്ടറേറ്റിന്റെ സ്ഥിതിയാണിത്. ഉപയോഗശൂന്യമായ ഫർണിച്ചറുകൾ വരാന്തയിൽ അടുക്കി വച്ചിരിക്കുകയാണ്. കളക്ടറേറ്റിലെ താഴത്തെ നിലയിൽ പഴയ വാഹനങ്ങളുടെ ടയറുകൾ കൂട്ടിയിട്ടിട്ടുണ്ട്. ഇവ ക്വട്ടേഷൻ നൽകി നീക്കം ചെയ്യേണ്ടതാണെങ്കിലും നടപടി എടുക്കുന്നില്ല.

ളക്ടറേറ്റിനുള്ളിലെ എം.സി.എഫ് ശൂന്യമാണ്. വിവിധ തരത്തിലുള്ള മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേകം ഇടമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. കളക്ടറേറ്റിലെ ഉപയോഗശൂന്യമായ പല സാധനങ്ങളും ഇടനാഴിയിൽ കൂട്ടിയിട്ടിരിക്കുകയാണ്.

മിനി സിവിൽ സ്‌റ്റേഷനിലെത്തുന്നവരെ ആദ്യം സ്വീകരിക്കുന്നത് കൊതുകുകളാണ്. ഉപയോഗ ശൂന്യമായ ടാങ്കുകളും വാഹനങ്ങളും കൂട്ടിയിട്ടിരിക്കുകയാണ് സിവിൽ സ്റ്റേഷൻ വളപ്പിൽ. ക്വട്ടേഷൻ നൽകി ഇവയെല്ലാം നീക്കം ചെയ്യേണ്ടതെങ്കിലും അധികൃതർ ആരും കണ്ട മട്ടില്ല. മുകൾ നിലകളിൽ നിന്ന് ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നിരവധിയാണ്. ടോയ്ലെറ്റുകളിലെ പൈപ്പുകൾ പൊട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നുണ്ട്. അൻപതോളം സർക്കാർ ഓഫീസുകളും വിവിധ കോടതികളും പ്രവർത്തിക്കുന്നത് മിനി സിവിൽ സ്റ്റേഷനിലാണ്. പഴയ ഫർണിച്ചറുകളും മറ്റ് ആക്രി സാധനങ്ങളും പഴയ ഫയലുകളും നിറച്ച ചാക്കുകെട്ടുകളും വരാന്തയിൽ നിറഞ്ഞിരിക്കുകയാണ്. ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.

പത്തനംതിട്ട ജനറൽ ആശുപത്രിയിലും സ്ഥിതി മറിച്ചല്ല. പഴയ കസേരകളും കട്ടിലുകളുമെല്ലാം ഇവിടെയും കൂട്ടിയിട്ടിരിക്കുകയാണ്. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം നടക്കുന്നതിനാൽ പൊളിച്ചു കളഞ്ഞ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഫർണിച്ചറുകളുമെല്ലാം ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. നിലവിലെ കാഷ്വാലിറ്റിയ്ക്ക് സമീപമാണിത്. മറ്റ് മാലിന്യങ്ങൾ പുറത്ത് നിക്ഷേപിക്കരുതെന്ന് അറിയിപ്പുണ്ടെങ്കിലും പലരും ഇത് പാലിക്കാറില്ല.