photo
കേടായ ലോക്കറുകളും ഫോട്ടോസ്റ്റാറ്റ് മെഷീനും

അടൂർ : അടൂരിലെ പ്രധാനപ്പെട്ട മിക്ക സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന റവന്യു ടവറിൽ പലയിടത്ത്തും കൂടിക്കിടക്കുന്നത് ഉപയോഗശൂന്യമായ സാധനങ്ങൾ. മുകൾ നിലയിലേക്ക് കയറുന്ന പടികൾ ഉപയോഗ ശൂന്യമായ ഫർണിച്ചറുകളും റാക്കുകളും അടക്കമുള്ള മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഒരുഭാഗത്ത് കേടായ ലോക്കറുകളും ഫോട്ടോസ്റ്റാറ്റ് മെഷീനും കാണാം. കമ്പ്യൂട്ടർ ടേബിൾ,​ കസേര, മേശ പോലെയുള്ളവയിൽ പലതും അറ്റകുറ്റപ്പണികൾ നടത്തിയാൽ വീണ്ടും ഉപയോഗിക്കാൻ കഴിയുമെങ്കിലും ഇതിന് നടപടിയില്ല. ആളുകൾ നടന്നുപോകുന്ന വഴികളിലാണ് സാധനങ്ങൾ വച്ചിരിക്കുന്നത്. ഇത്തരം സാധനങ്ങൾ വയ്ക്കാൻ കെട്ടിടത്തിന് വെളിയിലും ടെറസിലും മറ്റും സ്ഥലമുണ്ടായിട്ടും പടിക്കെട്ടുകളിൽ കൂട്ടിയിട്ടിരിക്കുകയാണ്.

റവന്യു ടവറിലെ വലിയൊരു ഹാൾ നിറയെ പേപ്പർ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. ആർ. ടി. ഓഫീസ് അടക്കമുള്ള വിവിധ ഓഫീസുകൾ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുമ്പോഴാണ് റവന്യു ടവറിലെ വലിയൊരു ഭാഗം പേപ്പർ മാലിന്യം കൈയടക്കിയിരിക്കുന്നത്. ഒരു ചെറിയ ഷോർട്ട് സർക്യൂട്ട് പോലും വലിയ തീപിടിത്തത്തിന് കാരണമാകുന്ന തരത്തിലാണിത്. വളരെ എളുപ്പത്തിൽ പേപ്പർ മാലിന്യം നിർമ്മാർജനം ചെയ്യാൻ കഴിയുമെങ്കിലും അതിനുപോലും നടപടിയില്ല.

മാലിന്യം നിറഞ്ഞ് ആശുപത്രി

ജനറൽ ആശുപത്രിയിലും മാലിന്യം നിറഞ്ഞു. പേപ്പർ മാലിന്യങ്ങളും ബോർഡ്‌, പ്ലാസ്റ്റിക് മാലിന്യങ്ങളും കുന്നുകൂടി കിടക്കുകയാണ്. കേടായ ഇരുമ്പ് കസേരകളും ടേബിളുകളും മറ്റും ഒഴിവാക്കാതെ കിടക്കുകയാണ്. മറ്റൊരു ഭാഗത്ത് പഴയ കെട്ടിടത്തിൽ നിന്ന് പൊളിച്ചുമാറ്റിയ ഗ്ലാസ്‌ ജനലുകൾ അടുക്കിയിരിക്കുന്നു. ദിവസേന വലിയ അളവിൽ മാലിന്യങ്ങളുണ്ടാകുന്ന ആശുപത്രിയിൽ ഇത് കെട്ടിക്കിടക്കാതെ യഥാസമയം നീക്കംചെയ്യേണ്ടതുണ്ട്.