ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലും പഞ്ചായത്തുകളിലും കർഷകർക്കു പേടിസ്വപ്നമായി കാട്ടുപന്നികൾ വിലസുന്നു. കാട്ടുപന്നികളെ വെടിവയ്ക്കാൻ ഷൂട്ടർമാരെ നിയമിക്കാൻ അതത് തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാർ അനുമതി നൽകിയെങ്കിലും താലൂക്കിലെ മുളക്കുഴ, വെൺമണി പഞ്ചായത്തുകളിൽ മാത്രമാണ് ഷൂട്ടർമാരെ നിയമിച്ചിട്ടുള്ളത്. മുളക്കുഴ കൊടയ്ക്കാമരം ഭാഗം ഉൾപ്പെടെ കാട്ടുപന്നിശല്യം രൂക്ഷമായ പ്രദേശങ്ങളിലെ പല കർഷകരും കൃഷി ഉപേക്ഷിച്ച മട്ടാണ്. വിളവെത്തുമ്പോഴേക്കും കാട്ടുപന്നികൾ കൃഷിയിടത്തിലെത്തി വിളകൾ വ്യാപകമായി നശിപ്പിക്കുന്നതു ചെറുക്കാൻ നടപടി ഇല്ലാത്തതാണ് ഇവരെ നിരാശപ്പെടുത്തുന്നത്. മാസങ്ങളുടെ അധ്വാനമാണ് കർഷകർക്ക് വെറുതെയാകുന്നത് .ലൈസൻസും സ്വന്തമായി തോക്കുമുള്ളവരെ കണ്ടെത്താനാകാത്തത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നടപടി വൈകുന്തോറും കാട്ടുപന്നിശല്യം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുകയാണ്. ഇതുവരെ കാട്ടുപന്നികൾ എത്താതിരുന്ന ചെറിയനാട്, പാണ്ടനാട് പഞ്ചായത്തുകളിലും കൃഷി നശിപ്പിച്ചതായി പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നു കൃഷി വകുപ്പ് അധികൃതർ പറയുമ്പോഴും കർഷകർ ആശങ്കയിലാണ്.
ഇടനാട്ടിൽ വ്യാപക കൃഷി നാശം, നഷ്ടപരിഹാരമില്ല
ചെങ്ങന്നൂർ നഗരസഭയിലെ ഇടനാട്, പുത്തൻകാവ്, അങ്ങാടിക്കൽ പ്രദേശങ്ങളിൽ കാട്ടുപന്നി രൂക്ഷമാകുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇടനാട്ടിൽ വ്യാപകമായി ഇറങ്ങിയ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. പുലിയൂർ ആയുർവേദ ആശുപത്രിക്കു സമീപവും കാട്ടുപന്നികളെ കണ്ടെത്തി. ആലാ പഞ്ചായത്തിൽ ഉത്തരപ്പള്ളിയാറിന്റെ തീരത്തെ കാടുകളിൽ കാട്ടുപന്നികൾ താവളമടിച്ചിട്ടുണ്ട്. കാട്ടുപന്നികൾ കൃഷി നശിപ്പിച്ചാലും ആളുകളെ ആക്രമിച്ചാലും നഷ്ടപരിഹാരം നേടിയെടുക്കാൻ ചില്ലറ കടമ്പകൾ പോരാ. വർഷങ്ങൾക്കു മുൻപു കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ മുളക്കുഴ കൊച്ചയത്തിൽ സുശീലയ്ക്ക് നാളിതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. സുശീലയെപ്പോലെ നിരവധി പേർ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നു. വനം വകുപ്പാണ് നഷ്ടപരിഹാരം നൽകേണ്ടത്.
കാട്ടുപന്നികളെ തുരത്താൻ പദ്ധതികൾ
കാട്ടുപന്നികളെ തുരത്താൻ രണ്ടുപദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. തരിശു ഭൂമി കൃഷിയോഗ്യമാക്കുന്നതാണ് ഒന്നാമത്തേത്. കാട്ടുപന്നികളെ തുരത്താൻ പൊടി രൂപത്തിലുള്ള റെപലന്റ് കൃഷിക്കാർക്കു വിതരണം ചെയ്യുന്നതാണ് രണ്ടാമത്തെ പദ്ധതി.
.............................
സമൃദ്ധി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നുണ്ട്.ഇതിനായി 3 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇക്കൊല്ലത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യും.
(മുളക്കുഴ പഞ്ചായത്ത് അധികൃതർ)