വള്ളിക്കോട് : ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ശുദ്ധജല വിതരണം മുടങ്ങിയതോടെ ഇരുനൂറോളം കുടുംബങ്ങൾ ദുരിതത്തിൽ. താഴൂർ കുരിശുംമൂട് - വി. കോട്ടയം തൂമ്പുംപടി ഭാഗത്താണ് പൈപ്പുപൊട്ടിയത്. വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ പള്ളിമുരുപ്പ്, മൂർത്തിമുരുപ്പ് , കാവിന്റയ്യത്ത് പട്ടികജാതി സങ്കേതങ്ങളിലും പന്തലോട് ഭാഗത്തുമാണ് ദിസവങ്ങളായി കുടിവെള്ളം മുടങ്ങിയിരിക്കുന്നത്. പഞ്ചായത്തിലെ ആറ്, എട്ട് വാർഡുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പിലാണ് തകർച്ച. ഒരുമാസമായി പൈപ്പിൽ ചോർച്ചയുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറായിരുന്നില്ല. ഇതേ തുടർന്ന് പൊട്ടലിന്റെ വ്യാപ്തി വർദ്ധിക്കുകയും ഉയർന്ന ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം കഴിഞ്ഞ ദിവസങ്ങളിൽ മുടങ്ങുകയുമായിരുന്നു. നാട്ടുകാരും ജനപ്രതിനിധികളും നിരവധി തവണ കോന്നി, പത്തനംതിട്ട ജല അതോറിറ്റി ഓഫീസുകളിൽ വിവരം അറിയിച്ചിട്ടും തകർച്ച പരിഹരിച്ചില്ല. മഴക്കാലത്ത് പോലും ശുദ്ധല ക്ഷാമം നേരിടുന്ന പ്രദേശമാണ് വള്ളിക്കോട്. പുലർച്ചയാണ് പ്രധാനമായും പമ്പിംഗ് നടക്കുന്നത്. ഈ സമയം തോടുപോലെ റോഡിലൂടെ വെള്ളം ഒഴുകുമെങ്കിലും ഗാർഹിക ഉപഭോക്താക്കൾക്ക് വെള്ളം ലഭിക്കില്ല. കിണർ ഇല്ലാതെ പട്ടികജാതി സങ്കേതങ്ങളിലുള്ളവർ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്.
അപകടക്കുഴിയും
പൈപ്പുപൊട്ടിയ ഭാഗത്ത് കുഴി രൂപപ്പെട്ടത് അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. പൈപ്പ് പൊട്ടൽ പരിഹരിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നും പ്രദേശത്തെ അപകട രഹിതമാക്കാൻ അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.