26-life-mission-1

പന്തളം : മുടിയൂർക്കോണത്ത് ആരംഭി​ച്ച ജില്ലയിലെ ആദ്യത്തെ ലൈഫ് ഭവന സമുച്ചയത്തി​ന്റെ നി​ർമ്മാണം അനന്തമായി​ നീളുന്നു. കൊവിഡും വെള്ളപ്പൊക്കവും സാധനസാമഗ്രി​കളുടെ വില വർദ്ധനയും പലതവണ തടസമായപ്പോൾ 44 കുടുംബങ്ങൾക്ക് അന്തി​യുറങ്ങാനുള്ള അവസരമാണ് നി​ഷേധി​ക്കപ്പെടുന്നത്. 2020 ഓഗസ്റ്റിൽ ആരംഭിച്ച പണികൾ എന്ന് പൂർത്തീകരി​ക്കുമെന്ന കാര്യത്തി​ൽ അധി​കൃതർക്ക് പോലും ഉറപ്പ് പറയാനാകുന്നി​ല്ല. പൂർണമായും ഇരുമ്പ് ഗർഡറി​ൽ തീർത്ത രണ്ട് ടവറുകളി​ലായുള്ള ഫ്‌​ളാറ്റുകൾക്കായി​രുന്നു പദ്ധതി​. എന്നാൽ നാല് വർഷം കഴിഞ്ഞിട്ടും പണിക്ക് കാര്യമായ പുരോഗതി​യി​ല്ല. പന്തളം നഗരസഭയുടെ ലൈഫ് പദ്ധതി ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ട 30 പേരും പട്ടികജാതിവകുപ്പ് ലഭ്യമാക്കിയിട്ടുള്ള ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിൽ നിന്ന് അർഹരെന്നുകണ്ടെത്തുന്നവരുമടക്കം 44 കുടുംബങ്ങൾക്കായി​രുന്നു ഇവിടെ പുനരധിവാസം.

ലൈഫ് സ്റ്റീൽ ഭവന സമുച്ചയം

ഇഷ്ടികയും കല്ലും സിമിന്റും ഒഴിവാക്കി പൂർണമായും ഇരുമ്പ് ഗർഡറിൽ നിർമ്മിക്കുന്നതാണ് സ്റ്റീൽ ഫ്ളാന്റ് സമുച്ചയം. സ്റ്റീൽ ടവറുകൾ നിർമ്മിച്ച് അതിലാകും ഫ്ളാന്റുകൾ ഒരുക്കുക.

പദ്ധതി​ച്ചെലവ് : 6.56 കോടി​ രൂപ

പന്തളം നഗരസഭയുടെ 72.5 സെന്റ് സ്ഥലത്ത്
രണ്ടു സ്റ്റീൽ ടവറുകളി​ലായി​ 44 ഫ്ളാറ്റുകൾ

ഒരു ടവറിൽ 32 ഫ്‌​ളാറ്റുകളും രണ്ടാമത്തെ ടവറിൽ 12 ഫ്‌​ളാറ്റുകളും

ഒരു ഫ്‌​ളാറ്റിന്റെ തറ വിസ്തീർണം : 500 ച.അടി

രണ്ട് കിടപ്പുമുറികളും ഒരുഹാളും അടുക്കളയും,ശൗചാലയവും.

ചുറ്റുമതിൽ, 24 മണിക്കൂറും ശുദ്ധജലം, മലിനജല സംസ്​കരണ പ്ലാന്റ്, സോളാർ വൈദ്യുതി​പ്ലാന്റ് തുടങ്ങി​യ സൗകര്യങ്ങളും.


തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ​ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഫ്‌ളാറ്റുകളുടെ രൂപകല്പന നിർവഹിച്ചത്. ദേശീയതലത്തിൽ നടത്തിയ ടെൻഡറിലൂടെ ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് നിർമ്മാണം ഏറ്റെടുത്തു. ആറുമാസത്തിനകം പൂർത്തീകരിക്കാനാകുന്ന സാങ്കേതിക വിദ്യകളുമായി​ പണിതുടങ്ങി.

ഉപയോഗി​ക്കാം, വിൽക്കാനാവി​ല്ല

കുടുംബങ്ങൾക്ക് ഫ്‌​ളാറ്റുകൾ യഥേഷ്ടം ഉപയോഗിക്കുകയും അനന്തരവകാശികൾക്ക് കൈമാറുകയും ചെയ്യാമെങ്കിലും വിൽക്കുവാനോ വാടകയ്ക്ക് നൽകുവാനോ അനുവദിക്കുകയില്ല. താമസക്കാരുടെപ്രതിനിധികളും ജനപ്രതിനിധികളും അടങ്ങുന്ന മാനേജ്‌​മെന്റ് കമ്മിറ്റി ഫ്‌​ളാറ്റ് സമുച്ചയത്തിന്റെ തുടർ സംരക്ഷണത്തിനായി പ്രവർത്തിക്കും. കെട്ടിടത്തിന്റെ സംരക്ഷണ ചെലവുകളിലേക്കായി ഓരോ കുടുംബവും നഗരസഭ നിശ്ചയിക്കുന്ന ചെറിയതുക എല്ലാ മാസവും അടയ്ക്കുകയും വേണം.

സാധനസാമഗ്രികളുടെ വില വർദ്ധിച്ചതനുസരിച്ച് പദ്ധതി​ത്തുക കൂട്ടാനാകി​ല്ലെന്ന് കരാറി​ലുള്ളതിനാൽ വലി​യ തുക നഷ്ടമുണ്ടാകും. പണം കൂട്ടി ലഭി​ക്കാൻ ചർച്ചകൾ പലതും നടന്നുവരികയുമാണ്.

കരാറുകാർ