
തിരുവല്ല : വെള്ളം നിറഞ്ഞുകിടക്കുന്ന പാടശേഖരങ്ങൾക്ക് നടുവിലൂടെ പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ഒരു യാത്രപോകാം. തോടിന്റെ അരികുചേർന്ന് നിൽക്കുന്ന തെങ്ങിൻതോപ്പുകളുടെ മനോഹരമായ കാഴ്ചകൾ നുകരാം. അപൂർവ പക്ഷികളെ കാണാം. ചെറുതും വലുതുമായ ആറ്റുമീനുകളെ പരിചയപ്പെടാം. അവയെ വലവീശി പിടിക്കാം. കായൽപോലെ പരന്നുകിടക്കുന്ന പാടശേഖരത്തിന്റെ വിദൂരകാഴ്ചകൾ ആസ്വദിക്കാം. പടിഞ്ഞാറൻ ചക്രവാളത്തിലെ അസ്തമയ സൂര്യന്റെ വശ്യസുന്ദരമായ ദൃശ്യങ്ങൾ കാണാം. ഇഷ്ടമായതൊക്കെ ക്യാമറയിൽ പകർത്താം. അങ്ങനെ ടൂറിസ്റ്റുകളെ ആകർഷിക്കാനായി പ്രകൃതി ഒരുങ്ങിയിരിക്കുന്നത് പെരിങ്ങര പഞ്ചായത്തിലെ വേളൂർ മുണ്ടകത്താണ്. നെൽകൃഷി തുടങ്ങിയാൽ പിന്നെ ഇവിടെ പച്ചപ്പിന്റെ മറ്റൊരു മായികലോകമാകും. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരവും അഞ്ചടി വേളൂർ മുണ്ടകമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തെ ഉപജീവിച്ച് നിരവധി മത്സ്യത്തൊഴിലാളികളും കർഷകരും കഴിയുന്നു.
വഴി ഇങ്ങനെ ...
എം.സി. റോഡിനെയും തിരുവല്ല -കായംകുളം റോഡിനെയും ബന്ധിപ്പിക്കുന്ന ഇടിഞ്ഞില്ലം-കാവുംഭാഗം റോഡിൽ വേങ്ങൽപള്ളിക്ക് സമീപത്തുനിന്നാണ് വേളൂർ മുണ്ടകം ഭാഗത്തേക്ക് പോകേണ്ടത്. പാടശേഖരങ്ങൾക്ക് നടുവിലൂടെ അഞ്ച് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡാണ് ഇവിടേക്കുള്ള ഏകആശ്രയം. റോഡുംതോടും സമന്വയിച്ച് കടന്നുപോകുന്ന റോഡ് മുണ്ടകം ഭാഗത്ത് അവസാനിക്കും. അതിനാൽ തിരികെ പോകേണ്ടതും ഈവഴിയിലൂടെത്തന്നെ.
അടിസ്ഥാന സൗകര്യം ഒരുക്കണം
അറിഞ്ഞും പറഞ്ഞുംകേട്ട് കുടുംബസമേതം നിരവധി ആളുകളാണ് ഇവിടേക്ക് ദിവസവും എത്തുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ അധികൃതർ ഇവിടെ ഒരുക്കിയിട്ടില്ല. ബോട്ടിംഗ് സൗകര്യം ഒരുക്കാവുന്ന തോട്ടിലാകെ പോളനിറഞ്ഞു കിടക്കുകയാണ്. പെരിങ്ങര പഞ്ചായത്തും പുളിക്കീഴ് ബ്ലോക്കും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്‌തെങ്കിലും ഒന്നും നടപ്പായിട്ടില്ല. പ്രദേശവാസികൾക്കും വരുമാനം ലഭിക്കുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിയും ഇവിടെ നടപ്പാക്കാം.
വേളൂർ മുണ്ടകത്ത് വേണ്ടത്
ഇരിപ്പിടങ്ങൾ
വിശ്രമകേന്ദ്രം
മുന്നറിയിപ്പ് ബോർഡുകൾ,
വഴിവിളക്കുകൾ,
സ്‌നാക്‌സ് കോർണർ,
മാലിന്യ സംഭരണ സൗകര്യങ്ങൾ,
തോടിന്റെ ശുചീകരണം
ബോട്ടിംഗ് സൗകര്യം
സുരക്ഷാ മാർഗങ്ങൾ
പൊലീസ് പട്രോളിങ്