തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ മാലിന്യരഹിതമാക്കാനുള്ള നടപടികൾക്ക് തുടക്കമായി. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നിർവഹണ സമിതി യോഗത്തിലാണ് തീരുമാനം.ഖര, ജൈവ, അജൈവ, ദ്രവ മാലിന്യ സംസ്കരണത്തിലെ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്ന സമ്പൂർണ മാലിന്യ നിർമ്മാർജന പരിപാടികളുടെ വിശദ കർമ്മ പദ്ധതിയും തയാറാക്കി.
മാലിന്യമുക്തം നവകേരളം, ജനകീയ ക്യാമ്പയിൻ സ്വച്ഛതാ ഹി സേവ എന്നീ പദ്ധതികളുടെ ലോഗോപ്രകാശനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ, മെമ്പർ സോമൻ താമരച്ചാലിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോമൻ താമരച്ചാലിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, ബ്ലോക്ക് ഡിവിഷൻ മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലിബി സി.മാത്യൂസ്, വനിതാക്ഷേമ ഓഫീസർ ശിവദാസ് സി.എൽ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസും ഘടകസ്ഥാപനങ്ങളും സമ്പൂർണ മാലിന്യരഹിത ഹരിത ഓഫീസുകളാക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 2ന് നടത്തും.