
കോന്നി : ഇളമണ്ണൂർ - കലഞ്ഞൂർ പാടം റോഡിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ആറ് വർഷമായി നിർമ്മാണത്തിലിരിക്കുന്ന 12 കിലോ മീറ്റർ റോഡ് പകുതിപോലും പൂർത്തീകരിച്ചിട്ടില്ല. ഇതിനിടയിൽ നിലവിലുള്ള കരാറുകാരനെ 2022 ഡിസംബർ 31ന് റോഡ് നിർമ്മാണത്തിലെ അപാകതയുടെ പേരിൽ കരിമ്പട്ടികയിൽപ്പെടുത്തി പുറത്താക്കുകയുംചെയ്തു. മാങ്കോട് സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തുനിന്ന് നാല് കിലോമീറ്ററാണ് പാടം പ്രദേശത്തേക്കുള്ളത്. ഈ ഭാഗം പൂർണമായും തകർന്നുകിടക്കുകയാണ്. ഇരുചക്രവാഹനങ്ങളിൽ പോലും പാടം, വെള്ളംതെറ്റി, വണ്ടണി എന്നീ പ്രദേശങ്ങളിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ്. മാങ്കോട് ചിതൽവെട്ടി മുതൽ പാടം പുന്നക്കുടി വരെയുള്ള ഭാഗത്ത് റോഡ് നിർമ്മാണത്തിനായി നിലവിലുണ്ടായിരുന്ന ടാറിംഗ് എല്ലാം ഇളക്കിമാറ്റിയത് വലിയ ദുരിതമായിട്ടുണ്ട്. 2018 ഡിസംബറിലാണ് 12.5 കിലോമീറ്റർ റോഡ് 22 കോടി രൂപ ഉപയോഗിച്ച് പണി തുടങ്ങിയത്. കലഞ്ഞൂർ, വാഴപ്പാറ, മാങ്കോട്, പാടം എന്നിവിടങ്ങളിലെ പാലങ്ങൾ ഉൾപ്പെടെ പുതുക്കി നിർമ്മിച്ച് ഇളമണ്ണൂർ മുതൽ പാടം വരെയുള്ള റോഡ് നിർമാണം പൂർത്തീകരിക്കാനായിരുന്നു പദ്ധതി. കെ.പി റോഡിൽനിന്ന് പുനലൂർ - മൂവാറ്റുപുഴ റോഡുമായി ബന്ധിപ്പിച്ച് കൊല്ലം, പത്തനംതിട്ട ജില്ലകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പത്തനംതിട്ട-കൊല്ലം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കിഴക്കൻ ഗ്രാമങ്ങളിലെ ജനങ്ങളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
..........................
12.5 കിലോമീറ്റർ റോഡ്
2018 ഡിസംബറിൽ നിർമ്മാണം തുടങ്ങി
ചെലവ് 22 കോടി രൂപ