പത്തനംതിട്ട : ബാലാവകാശ കമ്മിഷന്റെ ഉത്തരവ് അവഗണിച്ച് രസീത് കുറ്റികളുമായി സ്കൂൾ വിദ്യാർത്ഥികളെ പണപ്പിരിവിന് ഇറക്കിയത് വിവാദമായി. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പേരിൽ സ്നേഹഭവനം പദ്ധതിക്കായാണ് പിരിവ്.
ആകർഷകമായ സമ്മാനങ്ങളടങ്ങിയ നൂറ് രൂപയുടെ ലക്കി കൂപ്പണുകൾ വിതരണം ചെയ്യുന്നതായി ആക്ഷേപമുയർന്നു.
സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷന്റെ പേരിലാണ് കൂപ്പണുകൾ ഇറക്കിയത്. ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണൻ എം.എൽ.എ, മുൻ എം.എൽ.എ രാജു ഏബ്രഹാം, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബി.ആർ. അനില എന്നിവരെ രക്ഷാധികാരികളായി കാണിച്ച് സർക്കാർ അറിഞ്ഞുകൊണ്ടുള്ള ഒൗദ്യോഗിക പിരിവായിട്ടാണ് കൂപ്പണുകൾ അടിച്ചേൽപ്പിക്കുന്നത്. ഇൗ മാസം 30നാണ് കൂപ്പണിന്റെ നറുക്കെടുപ്പ്. എൽ.ഇ.ഡി ടി.വിയും, ഫ്രഡ്ജും മിക്സിയുമാണ് സമ്മാനങ്ങളായി നൽകുന്നത്.
സ്കൂൾ വിദ്യാർത്ഥികളെക്കൊണ്ട് പിരിവ് നടത്തുന്നത് സർക്കാരും വിലക്കിയിരിക്കെ കൂപ്പണുകൾ ഇറക്കിയതിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ രംഗത്തുവന്നു.
വയനാട് ദുരിത ബാധിതരെ സഹായിക്കാൻ സ്കൗട്ട് ചാർജുള്ള അദ്ധ്യാപകർ ആയിരം രൂപയും കുട്ടിയൊന്ന് നൂറും രൂപയും പിരിവ് കഴിഞ്ഞ മാസം നൽകിയിരുന്നു. കൂടാതെ ജില്ലാ കലോത്സവ നടത്തിപ്പിനായി ഒൻപതു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ വിദ്യാർത്ഥികളിൽ നിന്ന് പിരിവ് നടത്തിയാൽ മതിയെന്നാണ് അദ്ധ്യാപക, വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ യോഗ തീരുമാനം. ഇതിനു വിരുദ്ധമായാണ് ഇപ്പോഴത്തെ പിരിവ്.
വിദ്യാഭ്യാസ ജില്ലാ ഓഫീസുകൾ വഴിയാണ് കൂപ്പണുകൾ സ്കൂളുകളിൽ എത്തിച്ചത്. പിരിവിനെതിരെ ബാലാവകാശ കമ്മിഷനെ സമീപിക്കും.
ഫിലിപ്പ് ജോർജ്, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ്,
എസ്.പ്രേം,സെക്രട്ടറി
പരിവിനെപ്പറ്റിയും ഡെപ്യൂട്ടി ഡയറക്ടറെ രക്ഷാധികാരിയായി കൂപ്പണിൽ എഴുതിയതിനെപ്പറ്റിയും ശ്രദ്ധിയിൽപെട്ടില്ല. പരിശോധിച്ച് നടപടിയെടുക്കും.
ബി.ആർ.അനില, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
ഒരു സ്കൂളിന് നൽകിയത് 250 കൂപ്പണുകൾ