പത്തനംതിട്ട : നിർമ്മാണം തീരാത്തതിനാൽ പ്ലാനിംഗ് ഓഫീസ് കെട്ടിടം ഉദ്ഘാടനം നീണ്ടേക്കും. നവംബറിൽ ഉദ്ഘാടനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.
ആറ് നിലകളിലായാണ് കെട്ടിടം. താഴത്തെ നിലയും ഒന്നാംനിലയുടെ പകുതിയും പാർക്കിംഗിന് നൽകും. തുടർന്നുളള മൂന്നുനിലകൾ ഓഫീസുകൾക്ക് ഉപയോഗിക്കും. പ്ലാനിംഗ് ഓഫീസ്, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ ചേരുന്നതാണ് പ്ലാനിംഗ് വിഭാഗം. ഇപ്പോൾ പ്ലാനിംഗ് ഓഫീസ് കളക്ടറേറ്റിലും ബാക്കി രണ്ടുവിഭാഗങ്ങൾ മിനി സിവിൽ സ്റ്റേഷനിലുമാണ്
തുടക്കത്തിൽ 8.25 കോടിയായിരുന്നു എസ്റ്റിമേറ്റ് തുക. ശേഷം 10.46 കോടി രൂപയായി വർദ്ധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ വൺ ടൈം എ.എസ്.എ പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. 2015 നവംബറിൽ സ്ഥലം കൈമാറ്റം നടത്തി തറക്കല്ലിട്ട കെട്ടിടത്തിന്റെ പണി ആരംഭിച്ചത് 2016 ജനുവരിയിലാണ്. 2017 മാർച്ചിന് മുമ്പായി പണി തീർക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ക്വാറി ഉല്പന്നങ്ങളുടെ ക്ഷാമം തിരിച്ചടിയായി. വീണ്ടും കാലാവധി നീട്ടി നൽകി. അതോടെ നിർമ്മാണം വീണ്ടും നീളുകയായിരുന്നു. പണി അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ 11 കോടിയോളം ചെലവായി.
പ്രത്യേക യോഗം കൂടി തീരുമാനം
കെട്ടിടത്തിന് ചുറ്റും ഇപ്പോൾ മതിൽ നിർമ്മാണമാണ് നടക്കുന്നത്. പക്ഷേ കെട്ടിടത്തിന്റെ പിറകിൽ മാത്രമേ മതിൽ നിർമ്മിക്കാനാകു എന്നതാണ് സ്ഥിതി. കെട്ടിടത്തിന്റെ വലതുവശത്തുള്ള രണ്ട് മരങ്ങൾ വെട്ടിമാറ്റിയാലെ ഈ ഭാഗത്ത് മതിൽ നിർമ്മിക്കാൻ കഴിയു. കെട്ടിടം കളക്ടറേറ്റ് വളപ്പിലായതിനാൽ ഇതിനായി പ്രത്യേക കമ്മിറ്റി കൂടി തീരുമാനമെടുക്കണം. അടുത്ത മാസമാണ് യോഗം ചേരുന്നത്. ബാക്കി ഭാഗത്തെ മതിൽ നിർമ്മാണം നടന്നുവരികയാണ്.
പൂർത്തിയാകാനുള്ളത്
ട്രാൻസ്ഫോർമർ വേണം. ഇതിനായുള്ള തുക കെ.എസ്.ഇ.ബിക്ക് അടച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തിലധികമായതിനാൽ ഫണ്ട് ശരിയാകാൻ കാലതാമസമെടുക്കുന്നുണ്ട്.
മതിൽ നിർമ്മാണം പൂർത്തിയാകണം.
ഫയർ ആൻഡ് റസ്ക്യൂ പരിശോധന നടക്കാനുണ്ട്.
-------------------
8.25 കോടിയിൽ തുടങ്ങി
11 കോടിയോളം ചെലവായി.
-----------------------
പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ വർഷം തന്നെ നടത്താനാണ് ശ്രമിക്കുന്നത്. അവസാനഘട്ട പണികൾ പുരോഗമിക്കുകയാണ്.
പ്ലാനിംഗ് ഓഫീസ് അധികൃതർ