
പത്തനംതിട്ട : ഐ.എം.എ വനിതാവിഭാഗം വിമയുടെ (വിമെൻ ഇൻ ഐ.എം.എ) സംസ്ഥാന ജൂബിലി മീറ്റ് സർഗമയ 29ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കുമ്പനാട്ട് മണിയാട്ട് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9.45ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സോഫി തോമസ് സംഗമം ഉദ്ഘാടനം ചെയ്യും. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ അദ്ധ്യക്ഷത വഹിക്കും. ഐ.എം.എ സെക്രട്ടറി ഡോ.കെ.ശശിധരൻ, വിമ സംസ്ഥാന ചെയർപേഴ്‌സൺ ഡോ.ദീപ അഗസ്റ്റിൻ, സെക്രട്ടറി ഡോ.നിർമല എസ്.പ്രഭു തുടങ്ങിയവർ പങ്കെടുക്കും.
ചലച്ചിത്രതാരം അജു വർഗീസ് മുഖ്യാതിഥിയായിരിക്കും. ഡോ.വി.പി.ഗംഗാധരൻ, സാമ്പത്തിക വിദഗ്ദ്ധൻ മൻജേഷ് കുമാർ, ഡോ.ആർ.കൃഷ്ണവേണി എന്നിവർ ക്ലാസുകൾ നയിക്കും.
സ്ത്രീകൾ തൊഴിലിടങ്ങളിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മാദ്ധ്യമ പ്രവർത്തക മാതു സജി മോഡറേറ്ററാകുന്ന പാനൽ ചർച്ച 10.45ന് ആരംഭിക്കും. ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബൈനവൻ, നോവലിസ്റ്റ് ശാരദക്കുട്ടി, രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സംഗീതജ്ഞൻ സിജോ മാത്യു ജേക്കബ് നയിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും. ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.ജോസ് ഏബ്രഹാം, കോഴഞ്ചേരി ബ്രാഞ്ച് പ്രസിഡന്റ് ഡോ.ബിനോയ് ഫിലിപ്പ്, സെക്രട്ടറി ഡോ.വിനായക് നന്ദനൻ, ട്രഷറാർ ഡോ.അരുൺ ഏബ്രഹാം ജോസ്, സംഘാടക സമിതി ചെയർപേഴ്‌സൺ ഡോ.എ.എൻ.ശാന്തമ്മ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ.സിമി തോമസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.