ചെങ്ങന്നൂർ: മഴുക്കീർമേൽ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രാർത്ഥന വിലക്കിയത് ഈ കാലഘട്ടത്തിൽ നടക്കാൻ പാടില്ലാത്തതാണെന്ന് എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ പറഞ്ഞു . എസ്.എൻ.ഡി.പി യോഗം മേഖലാ കമ്മിറ്റിയുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തിൽ കല്ലിശേരി മഴുക്കീർമേൽ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ഗുരുദേവ നാമജപ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭവത്തെ മുതലെടുക്കാനും വർഗീയമായി ചിത്രീകരിക്കാനുമാണ് പലരും ശ്രമിക്കുന്നത്. നടന്നത് തികഞ്ഞ ഗുരുനിന്ദയാണ്. ഇതിനെതിരെയുള്ള പ്രവർത്തകരുടെ വികാരമാണ് പ്രാർത്ഥനയെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വിജിൻ രാജ്, യൂത്ത് മൂവ് മെന്റ് യൂണിയൻ കൺവീനർ വിനീത്, വൈദികയോഗം പ്രസിഡന്റ് സൈജു സോമൻ, തിരുവൻവണ്ടൂർ ശാഖാ പ്രസിഡന്റ് ഹരിപത്മനാഭൻ, സെക്രട്ടറി സോമോൻ, കല്ലിശേരി ശാഖാ പ്രസിഡന്റ് ദേവരാജൻ, സെക്രട്ടറി സതീശ് കല്ലുപറമ്പിൽ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ ദിവസം 1197ാംനമ്പർ ഉമയാറ്റുകര ശാഖയിലെ ഈഴവരായ വനിതകൾ ക്ഷേത്രത്തിൽ പ്രാർത്ഥനയോടൊപ്പം ശ്രീനാരായണഗുരുദേവനെക്കുറിച്ചുള്ള കീർത്തനം ചൊല്ലി എന്ന പേരിൽ പ്രാർത്ഥന തടസപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധ യോഗവും ഗുരുദേവ നാമജപയജ്ഞവും നടത്താൻ എസ്.എൻ.ഡി.പി.യോഗം തീരുമാനിച്ചിരുന്നു. തുടർന്ന് പ്രാർത്ഥന തടസപ്പെടുത്തിയ യുവാക്കൾ ചെങ്ങന്നൂർ യൂണിയൻ ഓഫീസിലെത്തി മാപ്പു പറഞ്ഞു. ഇതേ തുടർന്നാണ് പ്രതിഷേധയോഗം ഒഴിവാക്കി നാമജപ യജ്ഞം നടത്തിയത്. ആർ.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെയാണ് പ്രാർത്ഥന തടസപ്പെടുത്തിയതെന്ന തരത്തിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. എന്നാൽ ആർ.എസ്.എസ് നേതൃത്വം ഇത് നിഷേധിക്കുകയും യൂണിയൻ നേതാക്കളെകണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു.