റാന്നി : മഴയിൽ മണ്ണൊലിച്ചുപോയതോടെ ആഞ്ഞിലിമുക്ക് - കൊച്ചുകുളം റോഡിലൂടെയുള്ള യാത്ര ദുരിതം. മലയോര പ്രദേശമായ കൊച്ചുകുളത്തേക്കുള്ള പ്രധാന പാതയാണിത്. രണ്ടുവർഷത്തിന് മുകളിലായി തകർന്നുകിടക്കുന്ന റോഡിൽ കാൽനട യാത്രപോലും ബുദ്ധിമുട്ടാണ്. ആഞ്ഞിലിമുക്ക് ജംഗ്‌ഷനിൽ നിന്ന് കൊച്ചുകുളത്തേക്കുള്ള റോഡാണിത്. പല സ്ഥലങ്ങളിലും മെറ്റിൽ ഇളകി ടാറിംഗ് ഒലിച്ചുപോയി. പിന്നീട് നാട്ടുകാർ മണ്ണിട്ട് ഗതാഗതയോഗ്യമാക്കിയെങ്കിലും ഇതും മഴയിൽ ഒലിച്ചുപോയി. ഒാടയില്ലാത്തതാണ് പ്രധാന പ്രശ്നം. ഓട്ടോറിക്ഷ ഉൾപ്പടെയുള്ള വാഹനങ്ങൾ ഇതിവഴി മടിക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി. ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽ വീഴാറുണ്ട്. നേരത്തെ ബസ് സർവീസ് ഉണ്ടായിരുന്നു. അറ്റകുറ്രപ്പണിക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും എൻ.സി.എഫ് ആറിൽ നിന്ന് 8 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെങ്കിലും തുടർ നടപടി വൈകുകയാണ്. അറ്റകുറ്റപ്പണിക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.