crime

കൊടുമൺ: വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാൻ ചെന്ന പൊലീസിനെ കണ്ട് ആരോപണ വിധേയൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തട്ട പാറക്കര സ്വദേശി ജോസ് (40) ആണ് കത്തി കൊണ്ട് കഴുത്ത് മുറിച്ചത്. ഇന്നലെ രാവിലെ 11.30 നാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. കുട്ടി സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പ്രേമാഭ്യർത്ഥന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയെന്ന് സ്കൂളിലെ അദ്ധ്യാപകരോട് പരാതിപ്പെട്ടു. വിവരം ചൈൽഡ് ലൈനിന് കൈമാറി. ചൈൽഡ് ലൈൻ അറിയിച്ചതിൽ പ്രകാരം കൊടുമൺ പൊലീസ് കുട്ടിയുടെ മൊഴി എടുത്തു. തുടർന്ന് ജോസിനെ അന്വേഷിച്ച് വീട്ടിലെത്തി. ഈ സമയം വീടിന് മുന്നിലെ കതക് അടഞ്ഞു കിടക്കുകയായിരുന്നു. പൊലീസ് മുട്ടി വിളിച്ചപ്പോൾ ജനാല തുറന്ന് കത്തിയുമായി ഭീഷണി മുഴക്കുകയായിരുന്നു. കതക് തുറക്കാനുള്ള ശ്രമത്തിനിടെ ജോസ് കഴുത്ത് മുറിക്കുകയായിരുന്നു. പൊലീസ് കതക് ചവിട്ടിത്തുറന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജി​ലേക്ക് മാറ്റി​.