
പത്തനംതിട്ട : ആറൻമുള വഴിപാട് വള്ളസദ്യകൾ ഒക്ടോബർ രണ്ടിന് സമാപിക്കും. തുടർന്ന് ആചാരപരമായി പള്ളിയോടങ്ങൾ മാലിപ്പുരകളിലേക്ക് (പള്ളിയോടം സൂക്ഷിക്കുന്ന ഇടം) കയറ്റിവയ്ക്കും. പള്ളിയോടത്തിൽ നിന്നും ജലം വാർന്നുപോയ ശേഷം അറ്റകുറ്റപ്പണികൾ വേണ്ട പള്ളിയോടങ്ങൾക്ക് പണികളാരംഭിക്കും. അല്ലാത്തവ കേടുകൂടാതിരിക്കാൻ മീനെണ്ണ പുരട്ടിവയ്ക്കും. ആറൻമുള വഴിപാട് വള്ളസദ്യ, തിരുവോണത്തോണിക്ക് അകമ്പടി വരവ്, ഉത്രട്ടാതി ജലമേള എന്നിവയിൽ പങ്കെടുക്കാൻ വിവിധ കരകളിൽ നിന്ന് 52പള്ളിയോടങ്ങളാണ് ഇക്കുറി എത്തിയത്.
പൂരുരുട്ടാതി നാളിൽ യാത്ര തിരിച്ച് അച്ചൻകോവിൽ, കുട്ടമ്പരൂർ, പമ്പ നദികളിലൂടെ 83 കിലോമീറ്റർ താണ്ടി ഒന്നരദിവസം സഞ്ചരിച്ചെത്തുന്ന ചെന്നിത്തല പള്ളിയോടമാണ് ഏറ്റവും ദൂരം താണ്ടി ആറന്മുളയിലെത്തുന്നത്. ദീർഘദൂര യാത്രയിൽ കുചേലവൃത്തം, ഭീഷ്മപർവം ഒന്ന്, രണ്ട് ഭാഗങ്ങൾ, നളചരിതം, ആറന്മുള സ്തുതികൾ, രാമായണം, കിരാതം, ബാലലീല എന്നീ കൃതികളിലെ ഭാഗങ്ങളാണ് പാടുന്നത്. പുറപ്പെട്ട് ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും കരദേവന്മാരേയും ഉപദേവന്മാരേയും കാലഭേദമനുസരിച്ച് പാടിസ്തുതിച്ചാണ് പളളിയോടത്തിന്റെ യാത്ര.
2010ൽ ചങ്ങംകരി വേണു ആചാരി നിർമ്മിച്ച പള്ളിയോടത്തിന് മുപ്പത്തി ഓൻപതേകാൽ കോൽ നീളവും 60 അംഗുലം ഉടമയും 16 അടി അമരപ്പൊക്കവുമുണ്ട്. പൊക്കം കുറഞ്ഞ പാലങ്ങൾക്കടിയിലൂടെ സഞ്ചരിക്കേണ്ടതിനാൽ അമരത്ത് അഴിച്ചുമാറ്റാവുന്ന ഗിയർ സിസ്റ്റമുള്ള ആദ്യ പള്ളിയോടമാണിത്. ആർ.ശങ്കർ സുവർണ ട്രോഫി ഉൾപ്പെടെ നിരവധി തവണ ചമയത്തിനും നല്ലതായി പാടി തുഴഞ്ഞതിനും ഒട്ടേറെ സമ്മാനങ്ങൾ ചെന്നിത്തല പളളിയോടം നേടിയിട്ടുണ്ട്. ഇക്കുറി അച്ചടക്കത്തിനും പാരമ്പര്യ രീതിയിൽ പാടിതുഴഞ്ഞതിന് ട്രോഫിയും മൂന്നാം സ്ഥാനവും ലഭിച്ചു.
വഴിപാട് വള്ള സദ്യകൾ പൂർത്തിയാക്കി വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചെന്നിത്തല പള്ളിയോടം ഇന്നലെ കരയിൽ തിരികെയെത്തി. ഇനി ശുഭ സമയം നോക്കി പള്ളിയോടപ്പുരയിലേക്ക് കയറ്റിവയ്ക്കും. അന്ന് കഞ്ഞിസദ്യ വഴിപാടായി നടത്തും. തുടർന്ന് പള്ളിയോട ക്യാപ്റ്റൻ പട്ടും താക്കോലും കരയോഗത്തിന് തിതിരികെ നൽകുന്നതോടെ ഈ വർഷത്തെ തിരുവാറൻമുള യാത്രയ്ക്കും കരയുടെ ഓണാഘോഷത്തിനും സമാപനം കുറിക്കും.
ഈ വർഷം ബുക്കുചെയ്ത വള്ളസദ്യ 438
അവസാനദിനം നടക്കുന്ന വള്ളസദ്യ 7