ചെങ്ങന്നൂർ: കോടികൾ മുടക്കി അന്താരാഷ്ട്ര നിലാവരത്തിൽ നിർമ്മാണം ആരംഭിച്ച ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയം നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലമായി മാറുന്നു. നഗരസഭ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാനായി നിർമ്മിച്ച കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞപ്പോഴാണ് നിർമ്മാണം നിലച്ചിരിക്കുന്ന സ്റ്റേഡിയത്തിന്റെ കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാൻ തുടങ്ങിയത്. മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നതിനാൽ ഇതിന് സമീപമുള്ള താമസക്കാർ പകർച്ചവ്യാധികൾ പിടികൂടുമെന്ന ആശങ്കയിലാണ്. നഗരസഭയുടെ കൈവശമിരുന്ന പെരുംകുളം നഗരസഭ സ്റ്റേഡിയം ജില്ലാ സ്റ്റേഡിയമാക്കി നിർമ്മാണത്തിനായി ജില്ലാ സ്പോർട്സ് കൗൺസിൽ 2017ൽ ഏറ്റെടുക്കുകയായിരുന്നു. മുൻ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെയും മന്ത്രി സജി ചെറിയാന്റെയും ശ്രമഫലമായി 2016 -17 വർഷത്തെ ബഡ്ജറ്റിൽ 42 കോടിരൂപ ഇതിനായി വകയിരുത്തിയിരുന്നു. 2018ൽ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചെങ്ങന്നൂർ നഗരസഭയുടെ കൈവശമിരുന്ന സ്റ്റേഡിയം കൗൺസിൽ പോലും അറിയാതെയാണ് ചെയർമാനായിരുന്ന ജോൺമുളങ്കാട്ടിൽ ജില്ലാ സ്പോർട്സ് കൗൺസിലിന് കൈമാറിയതെന്ന് ആരോപണം വൻ വിവാദത്തിനിടയാക്കിയിരുന്നു. സ്റ്റേഡിയം നിർമ്മാണത്തിന്റെ തുടക്കത്തിൽതന്നെ തലപൊക്കിയ വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.
പദ്ധതിയിൽ ഉള്ളത് കടലാസിലൊതുങ്ങി
15000 പേർക്കിരിക്കാവുന്ന ഗാലറി, എട്ട് ലൈൻ സിന്തറ്റിക് ട്രാക്ക്, ഫുട്ബാൾ ടർഫ്, ലോംഗ് ജംപ് - ട്രിപ്പിൾ ജംപ് പിറ്റുകൾ, രാജ്യാന്തര നിലവാരമുള്ള സ്വിമ്മിംഗ് പൂൾ എല്ലാം കടലാസിൽ മാത്രം ഒതുങ്ങി. ഇൻഡോർ കളിക്കളം, ജിംനേഷ്യം, കളിക്കാർക്കുള്ള മുറികൾ, ഹോസ്റ്റലുകൾ തുടങ്ങിയവയും പദ്ധതിയിലുണ്ടായിരുന്നു. ഉടമസ്ഥാവകാശ തർക്കത്തെ തുടർന്ന് 2019 ഫെബ്രുവരി 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഉദ്ഘാടന ചടങ്ങിൽ നിന്നും യു.ഡി.എഫ് അംഗങ്ങളും , ബി.ജെ.പി അംഗങ്ങളും വിട്ടുനിന്നു. പെരുങ്കുളം പാടത്തെ 20 ഏക്കർ ഭൂമിയിൽ 49 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സ്റ്റേഡിയം കോംപ്ലക്സിന്റെ നിർമ്മാണം ആരംഭിച്ചത്. അത്യാധുനിക സൗകര്യങ്ങളായിരുന്നു വാഗ്ദാനം.
..................................
പകുതിയിലധികം പണി ഇനിയും ബാക്കിയാണ്. ടെൻഡർ വിവാദങ്ങളിലകപ്പെട്ട അഞ്ചു വർഷമായിട്ടും പൂർത്തിയാകാത്ത സ്റ്റേഡിയത്തിന്റെ നിർമ്മാണം ഇനി പുന:രാരംഭിക്കുമോയെന്ന ആശങ്കയുണ്ട്.
(കായികപ്രേമികൾ)
.........................
20ഏക്കറിൽ നിർമ്മാണം
2018ൽ നിർമ്മാണം ആരംഭിച്ചു
ചെലവ് 49 കോടി