പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് നിരവധി നിർദ്ദേശങ്ങളടങ്ങുന്ന നാല് വിശദ നഗരാസൂത്രണ പദ്ധതികൾക്ക് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. സെൻട്രൽ ഏറിയ, മുനിസിപ്പൽ ബസ്റ്റാൻഡ് കോംപ്ലക്സ്, കെഎസ്ആർടിസി ബസ്റ്റാൻഡ് ആൻഡ് സറൗണ്ടിംഗ്, കണ്ണങ്കര എന്നിവയാണ് നാല് സ്കീമുകൾ. നഗരത്തിലെ ഭൂവിനിയോഗത്തിന് നിലവിലെ സ്കീമുകൾ തടസമാണെന്ന വിമർശനമുയർന്നതോടെയാണ് മാസ്റ്റർ പ്ലാൻ പുതുക്കാൻ തീരുമാനമായത്. പുതിയ സ്കീമുകൾ പ്രസിദ്ധീകരിക്കുന്നതോടെ ഭൂ വിനിയോഗത്തിൽ വലിയ ഇളവുകളാണ് ഭൂ ഉടമകൾക്ക് ലഭിക്കുന്നത്. നാളിതുവരെ കെട്ടിട നിർമ്മാണങ്ങൾക്കായി ഉണ്ടായിരുന്ന തടസങ്ങൾ നീങ്ങും. സെൻട്രൽ ജംഗ്ഷനിലെ പഴയ നഗരസഭ കെട്ടിടം നീക്കം ചെയ്ത് ജില്ലാ ആസ്ഥാനത്തിന്റെ കേന്ദ്രം എന്ന നിലയിൽ മനോഹരവും ആകർഷണീയവുമായ കേന്ദ്ര ചത്വരം നിർമ്മിക്കാനാണ് നിർദ്ദേശം. ആവശ്യമായ പാർക്കിംഗ്, കാൽനടക്കാർക്കുള്ള സൗകര്യങ്ങൾ, വഴിയോരക്കച്ചവടക്കാർക്കായുള്ള ആസൂത്രിതമായ ഇടങ്ങൾ എന്നിവ ഉൾപ്പെടുത്തും. കെഎസ്ആർടിസി മുനിസിപ്പൽ ബസ്റ്റാൻഡ് എന്നിവയ്ക്കിടയിലുള്ള ഉപയോഗശൂന്യമായ പ്രദേശങ്ങൾ, ഓട്ടോ ടാക്സി സ്റ്റാന്റുകൾ, ഇൻഫർമേഷൻ കിയോസ്കുകൾ, സൈക്കിൾ ട്രാക്കുകൾ നടപ്പാതകൾ, ഇന്റർസ്റ്റേറ്റ് ബസുകൾക്കുള്ള പ്രത്യേക സ്ഥലം, മൾട്ടിലെവൽ കാർ പാർക്കിംഗ്, ഹാപ്പിനസ് പാർക്ക് ആസൂത്രിത വഴിയോര കച്ചവട മേഖലകൾ എന്നിവ ഉൾപ്പെടുത്തി വികസിപ്പിപ്പിക്കും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ നഗരസഭ ബസ്റ്റാൻഡിൽ മൂന്നു നിലയിലായുള്ള പാർക്കിംഗ് കെട്ടിടത്തോടൊപ്പം സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം, ഓട്ടോറിക്ഷ ടാക്സി സ്റ്റാൻഡ്, ചുമട്ടു തൊഴിലാളികൾക്കും ഡ്രൈവർമാർക്കും പ്രത്യേക വിശ്രമസ്ഥലം, പൊതുജനങ്ങൾക്കുള്ള വിശ്രമ സൗകര്യങ്ങൾ, ഇലക്ട്രിക് വാഹന ചാർജിംഗ് സംവിധാനം, നടപ്പാതകൾ, സ്ത്രീകൾ കുട്ടികൾ വൃദ്ധർ ഭിന്നശേഷിക്കാർ എന്നിവർക്കായുള്ള സൗഹൃദ ഡിസൈൻ എന്നിവ അടങ്ങിയ പദ്ധതിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചുട്ടിപ്പാറ ടൂറിസം പദ്ധതിയാണ് മറ്റൊരു ആകർഷണീയമായ നിർദ്ദേശം. ജില്ലാ ജയിൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് നിർദ്ദേശമുണ്ട്. ജയിലിന്റെ നിലവിലെ സ്ഥലം ചുട്ടിപ്പാറയിൽ ടൂറിസം പദ്ധതിയുടെ ബേസ് ക്യാമ്പ് ആയി മാറ്റുന്നതിനും ഭക്ഷണശാലകൾ,ശുചിത്വ സൗകര്യങ്ങൾ, സ്റ്റോറേജ് ആൻഡ് എക്യുമെന്റ് ഏരിയ, വൈദ്യസൗകര്യങ്ങൾ, ആക്ടിവിറ്റി മേഖലകൾ കമ്യൂണിക്കേഷൻ സൗകര്യങ്ങൾ, വൈദ്യുതി വിതരണം, പൊതു ഉപയോഗസ്ഥലങ്ങൾ പാർക്കിംഗ് ആൻഡ് ട്രാൻസ്പോർട്ടേഷൻ, സുരക്ഷ തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്ന നിർദ്ദേശവും കൗൺസിൽ മുന്നോട്ടുവച്ചു.
..........................
നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള നിർദ്ദേശങ്ങളാണ് വിശദ നഗരാസൂത്രണ പദ്ധതിയിൽ ഉള്ളത്.
പത്തനംതിട്ട നഗരസഭാ
ചെയർമാൻ
അഡ്വ.ടി. സക്കീർഹുസൈൻ