28-chittayam
പന്തളം വലിയകോയിക്കൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽചേർന്ന അവലോകനയോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിലവിളക്ക് തെളിക്കുന്നു

പന്തളം: ശബരിമല മണ്ഡല​മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പന്തളം ഇടത്താവളത്തിൽ പ്ലാസ്റ്റിക് നിർമ്മാർജനം പൂർണമായി നടപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളം വലിയകോയിക്കൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകനയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക് വസ്തുക്കൾ, പേപ്പർ പ്ലേറ്റ്​കപ്പ് തുടങ്ങിയവയുടെ ഉപയോഗം തടയും. കടകളിൽ നഗരസഭ, പൊലീസ്, റവന്യൂ സംയുക്തപരിശോധന നടത്തും. ദേവസ്വം ബോർഡ്, നഗരസഭ, കൊട്ടാരം ഉപദേശകസമിതി എന്നിവയുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്തെ കാട് വെട്ടിതെളിക്കണം. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പന്തളത്ത് ഒൻപത് ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കും. ഇടത്താവളത്തിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസിൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരെ ദേവസ്വം ബോർഡ് നിയോഗിക്കണം. മണികണ്ഠൻ ആൽത്തറയിൽ നിന്ന് കെ.എസ്ആർ.ടി.സി രാത്രികാല സർവീസ് നടത്തണം. അച്ചൻകോവിലാറ്റിൽ മേജർ ഇറിഗേഷന്റെ നേതൃത്വത്തിൽ വേലികൾ സ്ഥാപിച്ച് സുരക്ഷിതമാക്കണം. തീർത്ഥാടനകാലം കണക്കിലെടുത്ത് വിവിധ സർക്കാർ വകുപ്പുകൾ നിശ്ചിതപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. അടുത്ത മാസം യോഗംചേർന്ന് അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ പരിധിയിൽ വിശുദ്ധി സേനയുടെ പ്രവർത്തനവും ഏകോപനവും ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു. തീർഥാടനത്തിന് മുമ്പ് ഒരോ വകുപ്പിന്റെയും യോഗം പ്രത്യേകമായിചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ, പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്, അടൂർ ആർ.ഡി.ഒ ബി. രാധാകൃഷ്ണൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, തദ്ദേശ സ്ഥാപന പ്രതിനിധികൾ, പന്തളം കൊട്ടാരം പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.