പത്തനംതിട്ട: വർഷങ്ങളായി കാത്തിരിക്കുന്ന പത്തനംതിട്ടയിലെ കോടതി സമുച്ചയത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ പത്തുകോടി രൂപ അനുവദിച്ചു. പത്തനംതിട്ടയിലെ കോടതികൾക്ക് സ്വന്തമായി കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിലേക്ക് പത്തനംതിട്ട മേലെവെട്ടിപ്രത്ത് റിംഗ് റോഡരികിലാണ് ആറേക്കർ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കാനായി ഗസറ്റ് വിജ്ഞാപനം 2023 മേയിൽ ഇറങ്ങിയിരുന്നുവെങ്കിലും പണത്തിന്റെ ലഭ്യതക്കുറവു കാരണം നടപടികൾ മുന്നോട്ടു പോയില്ല. 24 തണ്ടപ്പേരിലുള്ള ഭൂമി ഏറ്റെടുത്ത് റവന്യുവിഭാഗം അറിയിപ്പ് നൽകിയിരുന്നു. ഭൂമി വില സർക്കാർ അനുവദിക്കുന്നതനുസരിച്ച് നൽകുമെന്നായിരുന്നു തീരുമാനം. സ്ഥലം ഏറ്റെടുക്കാനായാൽ കെട്ടിട നിർമ്മാണ നടപടികൾ വേഗത്തിൽ നടത്താനാകും. കോടതികളുടെ നിർമ്മാണത്തിനായി പ്രത്യേകഫണ്ട് ഉണ്ട്. ഏറ്റെടുക്കേണ്ട ഭൂമിയിലെ മരങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയുടെ മൂല്യം കണക്കാക്കി അന്തിമ വില നിശ്ചയിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇരുപതിൽപ്പരം വ്യക്തികളുടെ സ്ഥലമാണ് കോടതി സമുച്ചയത്തിനായി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചുള്ള പുതിയ നിയമത്തിൽ വിലയെക്കുറിച്ച് സർക്കാരിൽ പരാതികൾക്ക് അവസരമില്ല. കക്ഷികൾക്ക് കോടതിയെ സമീപിക്കാം. സ്ഥലം റവന്യു വകുപ്പ് ആഭ്യന്തര വകുപ്പിനാണ് കൈമാറുന്നത്. ഭൂ ഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാര തുക ആഭ്യന്തര വകുപ്പ് റവന്യു വകുപ്പിന് കൈമാറണം. വെട്ടിപ്രത്ത് ഡ്രൈവിംഗ് സ്‌കൂൾ പരിശീലന ഗ്രൗണ്ടിനടുത്താണ് സ്ഥലം ഏറ്റെടുക്കുന്നത്.