പത്തനംതിട്ട: മരണകാരണമായേക്കാവുന്ന എലിപ്പനിക്ക് വിദഗ്ദ്ധ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പനി, തലവേദന, കഠിനമായക്ഷീണം, പേശിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കടുത്തക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ മാത്രമായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടായാൽ തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സതേടണം. കുറയുന്നില്ല എങ്കിൽ വീണ്ടും ഡോക്ടറെ കാണണം. മലിനമായ മണ്ണിലും വെള്ളത്തിലും ഇറങ്ങാൻ ഇടയായിട്ടുണ്ടെങ്കിൽ അക്കാര്യവും വ്യക്തമാക്കണം. രോഗ ലക്ഷണങ്ങൾ പറഞ്ഞ് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വേദനസംഹാരികൾ വാങ്ങിക്കഴിക്കുന്നത് അപകടകരമാണ്.
എലിയുടെ മാത്രമല്ല നായ, പൂച്ച, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലൂടെയും എലിപ്പനിയുടെ രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. കൈകാലുകളിലെ മുറിവുകളിലൂടെയും കണ്ണിലെയും വായിലെയും നേർത്ത തൊലിയിലൂടെയും രോഗാണുക്കൾക്ക് ശരീരത്തിൽ കടക്കാനാകും. പാദങ്ങളിൽ വിണ്ടു കീറൽ, നഖംവെട്ടിയ ശേഷം ഉണ്ടാകുന്ന ചെറിയ മുറിവുകൾ എന്നിവയിലൂടെയും രോഗാണുക്കൾ പ്രവേശിക്കാം.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കന്നുകാലികളെ കുളിപ്പിക്കുക, തൊഴുത്ത് വൃത്തിയാക്കുക, വാഹനങ്ങൾ കഴുകുക, കൃഷിപ്പണി, നിർമ്മാണപ്രവൃത്തി, പെയിന്റിംഗ് പണി എന്നിവ കഴിഞ്ഞ് വയലിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുഖംകഴുകുക, പണിയായുധങ്ങൾ കഴുകുക, മലിനമായ വെള്ളം വായിൽ കൊള്ളുക തുടങ്ങിയവ എലിപ്പനിക്ക് കാരണമാകാം. വൃത്തിഹീനമായ മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കളിക്കുന്നതിലൂടെ കുട്ടികൾക്കും രോഗബാധയ്ക്കുള്ള സാദ്ധ്യതയുണ്ട്.
വിനോദത്തിനായി മീൻപിടിക്കാൻ ഇറങ്ങുന്നവർ, പാടത്ത് പുല്ല് ചെത്തുന്നവർ, അടുക്കളത്തോട്ടം, പൂന്തോട്ട നിർമ്മാണം എന്നിവയിൽ ഏർപ്പെടുന്ന അമ്മമാർ എന്നിവർക്കും രോഗസാദ്ധ്യതയുണ്ട്. ജോലിക്കിറങ്ങുന്നവർ കയ്യുറ, ഗംബൂട്ടുകൾ എന്നീ സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കണം. തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മസേന, വർക്ക്‌ഷോപ്പ് ജീവനക്കാർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ തുടങ്ങിയവർ ജാഗ്രതപാലിക്കണം. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ആഴ്ചയിൽ ഒരിക്കൽ ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണം. എലിപ്പനിപോലെയുള്ള ജന്തുജന്യ രോഗങ്ങൾ ഒഴിവാക്കാൻ മാലിന്യ സംസ്‌കരണത്തിൽ ശ്രദ്ധിക്കണമെന്നും ജില്ലാമെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി അറിയിച്ചു.