
പത്തനംതിട്ട: കടമ്മനിട്ട കല്ലേലിമുക്കിലെ സ്വാകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ ഒത്താശയോടെ, മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒന്നാം പ്രതിയെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മുണ്ടുകോട്ടക്കൽ വഞ്ചിപ്പൊയ്ക വെള്ളടംചിറ്റയിൽ വീട്ടിൽ ലാലു വർഗീസ് (63)ആണ് പിടിയിലായത്. നാലുപ്രതികളുള്ള കേസിൽ രണ്ടും മൂന്നും പ്രതികൾ മാനേജരും ജീവനക്കാരനുമാണ്. സ്ഥാപനത്തിലെ ലിറ്റഗേഷൻ ഓഫീസർ കോട്ടയം പുതുപ്പള്ളി എള്ളുകാല തലക്കോട്ടുച്ചാലിൽ ടി.പി.ഷാജിയുടെ പരാതിയിൽ ആറന്മുള പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 125.35 ഗ്രാം തൂക്കം വരുന്ന 15 വളകൾ പണയം വച്ചശേഷം 646900 രൂപയാണ് പ്രതി കൈക്കലാക്കിയത്. രണ്ടും മൂന്നും പ്രതികൾ ചേർന്നാണ് ഇയാളിൽ നിന്ന് വളകൾ സ്വീകരിച്ച് പണം നൽകിയത്. നാലാം പ്രതിയാണ് ലാലുവിനെ സ്ഥാപനത്തിൽ പരിചയപ്പെടുത്തിയത്. ഈ വർഷം ഏപ്രിൽ 29 മുതലാണ് തട്ടിപ്പ് നടന്നത്. മേയ് 14 ന് ഒടുവിലായി വച്ച പണയം ജൂലായ് 10 ന് പുതുക്കിവയ്ക്കുകയായിരുന്നു. ആഗസ്റ്റ് 30ന് നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
അന്വേഷണത്തിനിടെ ഓഡിറ്റ് റിപ്പോർട്ട് ലിറ്റഗേഷൻ ഓഫീസർ ഹാജരാക്കി. തുടർന്ന് ലാലുവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പരിചയക്കാരനാണ് പണയം വയ്ക്കാൻ മുക്കുപണ്ടങ്ങൾ നൽകിയതെന്ന് പ്രതി വെളിപ്പെടുത്തി.
കേസിൽ കൂടുതൽ പ്രതികളുണ്ടോ, സമാന രീതിയിൽ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ആറൻമുള പൊലീസ് ഇൻസ്‌പെക്ടർ വി.എസ്.പ്രവീൺ, എസ്.ഐമാരായ അലോഷ്യസ്, സന്തോഷ്, എസ്.സി.പി.ഓ പ്രദീപ്, സി പി ഓമാരായ സെയ്ഫ്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.